ചെന്നൈ: തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ (ടിടിഡി) 17 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അടിയന്തരമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ടിടിഡി ബോര്‍ഡ് ചെയര്‍മാൻ വൈ.വി.സുബ്ബ റെഡ്ഡിയാണ് രോഗവിവരം വ്യക്തമാക്കിയത്. ക്ഷേത്രത്തിലെ ഒരു പുരോഹിതൻ, സംഗീതജ്ഞർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ജീവനക്കാരുടെ ആരോഗ്യം, സുരക്ഷ എന്നിവയില്‍ ടിടിഡി വിട്ടുവീഴ്‌ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രം അടക്കുകയും ജൂൺ 11ന് വീണ്ടും തുറക്കുകയും ചെയ്‌തിരുന്നു. പ്രതിദിനം 6,000 ഭക്തര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ക്ഷേത്രത്തില്‍ എല്ലാ മുൻകരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ദേവസ്വം ചെയര്‍മാൻ അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് 12,000ലധികം തീര്‍ഥാടകരെ ക്ഷേത്രത്തില്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.