റായ്‌പൂർ: ഛത്തീസ്‌ഗണ്ഡില്‍ ഇടിമിന്നലേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ചാണകത്തിൽ കുഴിച്ചിട്ട് നാട്ടുചികിത്സ നൽകി. സ്ത്രീയടക്കം മൂന്നുപേരെയാണ് ഗോത്രവർഗ ഗ്രാമമായ ബാഗ്ബഹാരിൽ ചാണകത്തിൽ കുഴിച്ചിട്ട് നാട്ടുചികിത്സ നൽകിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുനിൽ സായ് (22), ചമ്പാറാവുത് (20) എന്നിവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ യുവതി ചികിത്സയിലാണ്.
റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ബാഗ്ബഹാർ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ക്ക് ഇടിമിന്നലേറ്റതെന്ന് സബ് ഡിവിഷണൽ ഓഫീസർ രാജേന്ദ്ര പരിഹാർ പറഞ്ഞു. മഴയും ഇടിമിന്നലും തുടങ്ങിയപ്പോൾ ഇവർ ഒരു മരത്തിനടിയിൽ നിൽക്കുകയായിരുന്നു. ഇടിമിന്നലേറ്റ് മൂന്നു പേർക്കും ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. അപകടംപറ്റിയവരെ ആശുപത്രിയിൽ എത്തിക്കുന്നതിനുപകരം കഴുത്തറ്റം ചാണകത്തിൽ കുഴിച്ചിടുകയായിരുന്നു. പൊള്ളലേറ്റ ഭാഗം ഭേദമാക്കാൻ ചാണകത്തിന് ശക്തിയുണ്ടെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നതായി പൊലീസ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.