ന്യൂഡല്‍ഹി: മോദി മന്ത്രിസഭയില്‍ മൂന്ന് ജെഡിയു നേതാക്കളെ കൂടി ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മന്ത്രിസഭ ജൂണ്‍ അവസാനവാരം വിപൂലീകരിക്കാന്‍ സാധ്യതയുണ്ടെന്നും ഇതിലാണ് ജെഡിയു നേതാക്കളെ ഉള്‍പ്പെടുത്താന്‍ നീക്കമെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. ജനതാദള്‍ യുനൈറ്റഡ് നേതാക്കന്‍മാരായ ലാലന്‍ സിങ്, രാം നാഥ് താക്കൂര്‍,ചന്ദ്രശേഖര്‍ ചന്ദ്രവന്‍ഷി എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. കേന്ദ്ര മന്ത്രി പദവിയിലേക്ക് ഇവരില്‍ നിന്ന് ലാലന്‍ സിങിനാണ് കൂടുതല്‍ സാധ്യത. മറ്റ് രണ്ടു പേരും കേന്ദ്ര സഹമന്ത്രിമാരാകാനാണ് സാധ്യതയുള്ളത്. മന്ത്രിസഭയില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ ജെഡിയു, ബിജെപി ഉന്നത നേതാക്കള്‍ സമ്മതമറിയിച്ചിട്ടുണ്ട്.
ഭൂമിഹാര്‍ സമുദായത്തില്‍ നിന്നുള്ള നേതാവാണ് ലാലന്‍ സിങ്. എന്നാല്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് രണ്ട് പേരും. സംസ്ഥാന രാഷ്‌ട്രീയം ജാതിക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ മന്ത്രിസഭാ വിപുലീകരണത്തില്‍ ജാതിത്വത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറിന്‍റെ മകനാണ് രാംനാഥ് താക്കൂര്‍. ബിഹാറില്‍ നിന്നുള്ള രാജ്യസഭാ പ്രതിനിധിയാണ് താക്കൂര്‍. ബിഹാര്‍ മന്ത്രിയും കൂടിയായിരുന്നു ഇദ്ദേഹം. ജഹനാബാദില്‍ നിന്നുള്ള എംപിയാണ് ചന്ദ്രശേഖര്‍ ചന്ദ്രവാന്‍ഷി.