ന്യൂഡല്‍ഹി: ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദിനമാണ് അന്താരാഷ്ട്ര യോഗ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഡാക്കിലെ ഗല്‍വാൻ താഴ്‌വരയിലെ ഇന്ത്യ- ചൈന തർക്കത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം. യോഗ ശീലമാക്കുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിന് എതിരായ പോരാട്ടത്തില്‍ യോഗക്ക് നിർണായക പങ്കുണ്ട്. പ്രാണായാമം ശ്വസന പ്രക്രിയ സുഗമമാക്കുന്നു. യോഗ ശാന്തിയും സമാധാനവും ഐക്യവും സാധ്യമാക്കും. ആരോഗ്യകരമായ ജീവിതം യോഗയിലൂടെ ലഭിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
യോഗ മാനവികതയുടെ ബന്ധങ്ങളെ ഏകീകരിക്കുകയും ശക്തമാക്കുകയും ചെയ്യും. വംശം, നിറം, ലിംഗഭേദം, വിശ്വാസം, രാഷ്ട്രം എന്നിവയ്ക്ക് അതീതമാണ് യോഗയെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ കുടുംബമായും സമൂഹമായും ഐക്യത്തോടെ മുന്നോട്ട് പോകണം. കുടുംബത്തോടൊപ്പം യോഗ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമക്കാൻ ശ്രമിക്കണം. തീർച്ചയായും ഈ പോരാട്ടത്തില്‍ നമ്മൾ വിജയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊതു കൂടിച്ചേരലുകൾ ഒഴിവാക്കിയാണ് ഇത്തവണ രാജ്യം യോഗ ദിനം ആചരിക്കുന്നത്. കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ പ്രമേയം. ലഡാക്കിലെ ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം സുപ്രധാനമാണ്.