ന്യൂഡൽഹി: ഇന്ത്യ-ചൈന പ്രശ്‌നത്തിൽ ഏവരും രാഷ്ട്രീയ ഭേദമന്യേ കേന്ദ്രത്തെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ-യുണൈറ്റഡ് (ജെഡിയു) മേധാവിയും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ഇന്ത്യ-ചൈന പ്രശ്നം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തെ പിന്തുണക്കുന്നതിൽ അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കണം. രാജ്യത്ത് ഉടലെടുക്കുന്ന അനൈക്യം മറ്റ് രാജ്യങ്ങൾ അവസരമായി ഉപയോഗിച്ചേക്കാമെന്നും നിതീഷ് കുമാർ ഓർമിപ്പിച്ചു. ഇന്ത്യൻ മാർക്കറ്റിൽ ചൈനീസ് ഉത്പന്നങ്ങൾ നിറഞ്ഞൊഴുകുകയാണ്. ഭൂരിഭാഗവും പ്ലാസ്റ്റിക് വസ്തുക്കൾ. പരിസ്ഥിതി സൗഹൃദമല്ലാത്തവ. ഇലക്ട്രോണിക് മാലിന്യങ്ങളും ഏറെ. ഈ അവസരത്തിൽ രാജ്യത്തെ പിന്തുണക്കേണ്ടത് അനിവാര്യമാണെന്ന് നിതീഷ് കുമാർ പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി, എൻസിപി മേധാവി ശരദ് പവാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, ബിജെപി മേധാവി ജെ.പി നദ്ദ എന്നിവരും പങ്കെടുത്തു. അതിർത്തിയിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു.