ലാഹോർ:ആണവ ശക്തിയുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ലോകത്തിന് തന്നെ ആപത്താണെന്നും പാകിസ്ഥാൻ ഒരിക്കലും ഇന്ത്യയുമായി യുദ്ധം തുടങ്ങില്ലെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍. ലാഹോറില്‍ നടന്ന ഗവർണറുടെ വസതിയിൽ തിങ്കളാഴ്‌ച സിഖ് സമുദായത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. ജയിക്കുന്നവരും പരാജിതർ തന്നെയാണ് . യുദ്ധം പ്രശ്‌നങ്ങളെ സൃഷ്‌ടിക്കും. 2016 ജനുവരിയിൽ പതാൻകോട്ടിലെ വ്യോമസേനയുമായുള്ള പാകിസ്ഥാൻ തീവ്രവാദ ആക്രമണം മുതൽ ഇന്ത്യ തങ്ങളുമായി സഹകരിക്കുന്നില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
പുൽവാമയിലെ ഭീകരാക്രമണം ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളാക്കിയിരുന്നു. പാകിസ്ഥാനുമായുള്ള ചർച്ചകളോട് ഇന്ത്യയുടെ താൽപര്യമില്ലായ്‌മ നിരാശാജനകമാണെന്നും പ്രശ്‌നങ്ങൾ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വന്ന സിഖ് വിഭാഗക്കാർക്ക് അവരുടേതായ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ പാകിസ്ഥാൻ വിസ നൽകുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.