രാജ്യത്തെ അഴിമതിയെ പറ്റിയുള്ള വാർത്തകളിലൂടെയാണ് ഓരോ ദിവസവും നമ്മൾ കടന്നു പോകുന്നത്. സത്യസന്ധമായ ഒരു ഭരണ വ്യവസ്ഥ അഴിമതിയെ വേരോടെ പിഴുതെടുക്കും എന്നാണ് രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്‍ പറയുന്നത്. ഇതേ അർത്ഥം വരുന്ന രീതിയിൽ കമ്മീഷന്‍റെ റിപ്പോർട്ട് പല രീതിയിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. വിരോധാഭാസം എന്നു പറയട്ടെ ഈ പരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ച യു.പി.എ ഭരണകൂടത്തിന്‍റെ പേരിൽ തന്നെ അഴിമതിയുടെ പേരിൽ നിരവധി പരാതികളാണുയരുന്നത്.
അഴിമതി നിയന്ത്രിക്കുന്നതിൽ ചൈനയേക്കാൾ മികച്ച പ്രവർത്തനങ്ങൾ ഇന്ത്യ നടത്തുന്നുണ്ടെന്ന് ഏകദേശം അഞ്ച് വർഷം മുൻപ് ട്രാൻസ്‌പരൻസി ഇന്‍റർനാഷണൽ വ്യക്തമാക്കിയിരുന്നു. അതേ സമയം ട്രാൻസ്‌പരൻസി ഇന്‍റർനാഷണലിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് തീര്‍ത്തും വ്യത്യസ്തമായ ഇന്നത്തെ മറ്റൊരു ചിത്രമാണ് വരച്ചു കാട്ടുന്നത്. ആഗോള തലത്തിലുള്ള അഴിമതി പ്രവണതകളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ട്രാൻസ്‌പരൻസി ഇന്‍റർനാഷണൽ പറയുന്നത് അഴിമതിയുടെ കാര്യത്തിൽ ഇന്ത്യ 2014ൽ എൺപത്തിയഞ്ചാം സ്ഥാനത്തായിരുന്നു എന്നാണ്. ട്രാൻസ്‌പരൻസി ഇന്‍റർനാഷണലിന്‍റെ സത്യസന്ധതാ പരിശോധനയിൽ ഡെൻമാർക്കും ന്യൂസിലന്‍ഡും 100ല്‍ 88ഉം ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവ 85 ശതമാനവും നേടി കൊണ്ട് ലോകത്തെ അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളാണെന്ന് തെളിയിച്ചു. പക്ഷെ ഈ പരിശോധനയിൽ വെറും 40 ശതമാനം നേടാനാണ് ഇന്ത്യയ്‌ക്ക് കഴിഞ്ഞത്. ആഗോള ശരാശരി 43 ആണെങ്കില്‍ 31 ഏഷ്യാ പസഫിക് രാജ്യങ്ങളുടെ ശരാശരി 45 ശതമാനമാണ്. ഏഷ്യാ പസഫിക് ശരാശരിയേക്കാള്‍ മോശമാണ് ഇന്ത്യയുടെ റാങ്കിങ്ങ് എന്നാണ് ഇതിനര്‍ത്ഥം. 42 ശതമാനം നേടി കൊണ്ട് ചൈന 78-ആം റാങ്കില്‍ നില്‍ക്കുന്നു. കൊവിഡ് സാമ്പത്തിക, ആരോഗ്യ മേഖലയെ മാത്രമല്ല പ്രതിസന്ധിയിലാക്കിയത്. ഇത് അഴിമതിയുടെ വിഷം വിതറുകയും ചെയ്തതായി ട്രാൻസ്‌പരൻസി ഇന്‍റർനാഷണൽ പറയുന്നു. അഴിമതി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നതിനെ ട്രാൻസ്‌പരൻസി ഇന്‍റർനാഷണൽ വിമര്‍ശിക്കുകയും ചെയ്‌തു. 39 ശതമാനം കൈക്കൂലി നിരക്കില്‍ നില്‍ക്കുന്ന ഇന്ത്യ അഴിമതിയുടെ കാര്യത്തിൽ മുൻപന്തിയിലാണെന്ന് രണ്ട് മാസം മുൻപ് ഗ്ലോബല്‍ കറപ്ക്ഷന്‍ ബാരോമീറ്റർ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ ശുപാര്‍ശ കത്തോ അല്ലെങ്കില്‍ കൈക്കൂലി നല്‍കാനോ കഴിയില്ലെങ്കില്‍ അവർക്ക് ആവശ്യമുള്ളതൊന്നും നേടിയെടുക്കാൻ സാധിക്കില്ലെന്നാണ് ഈ റിപ്പോർട്ടുകളിലൂടെ പ്രതിഫലിക്കുന്നത്. സ്വയം പര്യാപ്‌ത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാന്‍ ഏറ്റവും വലിയ തടസമായി നില്‍ക്കുന്നത് അഴിമതിയാണെന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഒപ്പം അഴിമതിക്കെതിരെ ഒരു സമ്പൂര്‍ണ യുദ്ധം തന്നെ നടത്താനും അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു. ആ യുദ്ധത്തിന് ആരാണ് രാഷ്ട്രത്തെ ഒരുക്കേണ്ടത്? കര്‍മ്മത്തിന്‍റെയും കര്‍മ്മ ഫലത്തിന്‍റെയും നാടാണ് ഇന്ത്യ. തെറ്റുകള്‍ക്ക് നേരെ മിക്ക ആളുകളും അലസമായ സമീപനമാണ് മിക്കപ്പോഴും വച്ചു പുലര്‍ത്തുന്നത്. തന്‍റെ കര്‍മഫലത്തിന്‍റെ ദോഷത്തില്‍ നിന്നും ആര്‍ക്കും തന്നെ രക്ഷപ്പെടാനാവില്ല എന്ന് പറഞ്ഞ് സ്വയം ആശ്വസിക്കുന്നവരാണ് മിക്കവരും. ഇക്കാരണത്താല്‍ അഴിമതിയുടെ വിഷമരം എല്ലായിടത്തും അതിന്‍റെ ശക്തമായ വേരുകള്‍ ആഴ്‌ത്തി കഴിഞ്ഞിരിക്കുന്നു. അഴിമതി ഇന്ന് ഒരു വ്യവസായം തന്നെ ആയി മാറിയിരിക്കുന്നു. അധികം അപകട സാധ്യതകളൊന്നും ഇല്ലാത്ത നല്ല വരുമാനം നല്‍കുന്ന വ്യവസായം. പക്ഷെ അവ പലപ്പോഴും ജനങ്ങളുടെ ജീവന്‍ വച്ചും കളിക്കുകയാണ് ചെയ്യുന്നത്.
ഉത്തരപ്രദേശിലെ മൊറാദാബാദിൽ നാല് ആഴ്ചകള്‍ക്ക് മുന്‍പാണ് ഒരു ശ്‌മശാനം മഴയില്‍ ഇടിഞ്ഞു പൊളിഞ്ഞ് വീണ് 25 പേര്‍ കൊല്ലപ്പെട്ടത്. 30 ലക്ഷം രൂപ ചെലവിട്ട് പണിതതാണ് ആ ഷെഡ്ഡ്. ഈ തുകയില്‍ 30 ശതമാനത്തോളം കൈക്കൂലിയായി പലരിലേക്കും എത്തിയിട്ടുണ്ടാകും. ബാക്കി വരുന്ന തുകയില്‍ നിന്നു വേണം കോണ്‍ട്രാക്ടര്‍ക്ക് തന്‍റെ ലാഭം കണ്ടെത്താന്‍. അപ്പോള്‍ അയാള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ നിലവാരത്തില്‍ അഴിമതി കാട്ടും. അതിനാല്‍ നിറയെ ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്യും. എട്ട് പൊലീസ് ഓഫീസര്‍മാരും അഞ്ച് കസ്‌റ്റംസ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിക്കാതെ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ 1993-ലെ മുംബൈ ബോംബ് സ്‌ഫോടനങ്ങള്‍ സംഭവിക്കില്ലായിരുന്നു എന്ന് സുപ്രീം കോടതി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും വാര്‍ഷിക ബജറ്റില്‍ കൊട്ടി ഘോഷിച്ചു കൊണ്ട് ലക്ഷകണക്കിന് കോടി രൂപയുടെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് നമ്മള്‍ കണ്ടു വരുന്നതാണ്. പക്ഷെ പുരോഗതിയുടെ പാതയിൽ നിരവധി തടസങ്ങളാണ് നേരിടേണ്ടി വരുന്നത്. അഴിമതി രഹിതമായ ഡെൻമാർക്ക് പോലെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്‍റെ 55 ശതമാനവും പൊതു കാര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടിയാണ് ചെലവിടുന്നത്. എന്നാല്‍ ഇന്ത്യയ്‌ക്ക് അത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രസ്തുത ശരാശരിയുടെ നാലിലൊന്നുപോലും നീക്കി വെക്കുവാന്‍ കഴിയുന്നില്ല. നീക്കി വയ്‌ക്കുന്ന തുച്ഛമായ തുകയാകട്ടെ അഴിമതിക്കാർ സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നു.
അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന് ലക്ഷ്യമിട്ടു കൊണ്ട് നടപ്പില്‍ വരുത്തിയ വിവരാവകാശ നിയമം തന്നെ ഇപ്പോള്‍ ഫലപ്രദമല്ലാത്തതാക്കി തീര്‍ത്തിരിക്കുന്നു. അഴിമതിയുടെ ഒരു കൂരിരുട്ട് എന്നല്ലാതെ ഇതിനെ മറ്റെന്താണ് വിളിക്കുക. എന്‍.സി.സിയുടെ രൂപത്തില്‍ യുവാക്കള്‍ക്കായി ഒരു ദേശീയ വിജിലന്‍സ് സേന (എന്‍.വി.സി) രൂപീകരിക്കണം എന്ന് എന്‍.വിത്തല്‍ അദ്ദേഹം മുഖ്യ വിജിലന്‍സ് കമ്മീഷണറായിരുന്ന കാലത്ത് നിര്‍ദേശിച്ചിരുന്നു. അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ട് വച്ചിട്ട് രണ്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.
അഴിമതിയുടെ അന്ധകാരത്തെ പഴിച്ചു കൊണ്ട് സമയം പാഴാക്കി കളയുവാനുള്ള നേരമല്ലിത്. നോട്ടുനിരോധനത്തെ പിന്തുണച്ചതു പോലെ തന്നെ അഴിമതിക്കെതിരെയുള്ള സര്‍ക്കാരിന്‍റെ പോരാട്ടത്തേയും ജനങ്ങള്‍ പിന്തുണയ്‌ക്കുക തന്നെ ചെയ്യും. ആ യുദ്ധകാഹളം മോദി സര്‍ക്കാര്‍ മുഴക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.