ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടികള്‍ക്കെതിരെ ശശി തരൂര്‍ വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയാണ് ശശി തരൂര്‍ പ്രതികരിച്ചിരിക്കുന്നത്. വിയോജിപ്പിനെ സ്വാഗതം ചെയ്യുന്ന പൊതു നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ജനാധിപത്യ മാന്യതയുടെ മൂല്യം സംരക്ഷിക്കാൻ തയ്യാറാകണം. പ്രധാനമന്ത്രിക്ക് അയച്ച കത്തിന്‍റെ പകര്‍പ്പ് ട്വീറ്റ് ചെയ്താണ് ശശി തരൂര്‍ പ്രതികരിച്ചിരിക്കുന്നത്. 'സേവ് ഫ്രീ സ്പീച്ച്' എന്ന ഹാഷ്‌ടാഗോടെയാണ് തരൂര്‍ മോദിക്ക് കത്തെഴുതിയിരിക്കുന്നത്.
പ്രധാനമന്ത്രിയായോ സർക്കാരുമായോ വിയോജിപ്പുണ്ടായാല്‍ പോലും രാജ്യത്തെ പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞാബദ്ധത സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും ശശി തരൂര്‍ എംപി കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പൗരന്മാരെന്ന നിലയിൽ, ദേശീയ പ്രാധാന്യമുള്ള പ്രശ്നങ്ങൾ സര്‍ക്കാരിന് മുന്നില്‍ നിർഭയമായി കൊണ്ടുവരാൻ പൗരന്മാര്‍ക്ക് കഴിയണം.അതുവഴി ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് അഭിസംബോധന ചെയ്യാൻ നേതൃത്വത്തിന് കഴിയും. ഇന്ത്യയിലെ നല്ല പൗരന്മാരുടെ ' മന്‍ കി ബാത് ' 'മൗൻ കി ബാത് 'ആയി മാറ്റരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിയോജിപ്പില്ലാതെ ജനാധിപത്യമില്ലെന്നും തരൂർ തന്‍റെ കത്തിൽ പരാമര്‍ശിക്കുന്നു. 'വൈവിധ്യമാർന്നതും വ്യത്യസ്ത കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രങ്ങളും നിലനിൽക്കുന്നതിന്‍റെ അടിത്തറയിലാണ് നമ്മുടെ രാജ്യം നിർമ്മിച്ചിരിക്കുന്നത്. അതാണ് ഇന്ത്യയുടെ വിജയം. വിമർശിക്കുന്നവരെ ശത്രുക്കളോ ദേശവിരുദ്ധരോ ആയി കണക്കാക്കരുതെന്നും ശശി തരൂര്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍, അനുരാഗ് കശ്യപ് തുടങ്ങി 49 പേര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.