അഗര്‍ത്തല: ത്രിപുരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ജൂലൈ 21ന് ഖോവായ് ജില്ലയിലെ ഖാസിമംഗൽ പ്രദേശത്താണ് സംഭവം. പെൺകുട്ടി തന്‍റെ ആൺസുഹൃത്തായ രൂപേഷ് സർക്കാറിനെ കണ്ട് മടങ്ങിവരുമ്പോഴാണ് സംഭവം.
വീട്ടിലേക്ക് മടങ്ങാൻ രൂപേഷിന്‍റെ സുഹൃത്തായ ജാഹിദ് മിയയുടെ കാറിൽ പെൺകുട്ടിക്ക് ലിഫ്റ്റ് കിട്ടി. തുടർന്ന് യാത്രാമധ്യേ കാറിൽ ഉണ്ടായിരുന്ന ജാഹിദും മറ്റ് നാല് യുവാക്കളും ചേർന്ന് 17കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ യുബിഐ ബാങ്കിന്‍റെ ബ്രാഞ്ച് ഓഫീസിന് മുന്നിൽ തള്ളിയിട്ട ശേഷം പ്രതികൾ കടന്ന് കളഞ്ഞു. ജാഹിദ് മിയ, അഹമ്മദ് അലി, ബാബുൽ മിയ, ലിറ്റൺ മിയ, ജാവേദ് മിയ എന്നിവരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പങ്കുണ്ടെന്നാരോപിച്ചാണ് മറ്റ് നാല് പേർക്കൂടി അറസ്റ്റിലായത്.