മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിൽ ട്രാവലർ പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. നവി മുംബൈയിലെ വാഷിയിൽ സ്ഥിരതാമസക്കാരാണ് ഇവർ. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരും മൂന്ന് വയസ്സായ കുട്ടിയുമാണ് മരിച്ചത്.
പൂനെ-ബെംഗളൂരു ഹൈവേയിൽ കരാടിന് സമീപത്ത് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. വണ്ടി നിയന്ത്രണം വിട്ട് തരാളി പുഴയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.