ഹൈദരാബാദ്: സിദ്ദിപേട്ട് നഗരത്തിലെ ബിജെപി സ്ഥാനാർഥി എം. രഘുനന്ദൻ റാവുവിന്‍റെ ബന്ധു വീട്ടിൽ നിന്ന് 18.67 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി എം. രഘുനന്ദൻ റാവുവിന്‍റെ ബന്ധു എസ്. അഞ്ജൻ റാവുവിന്‍റെ വസതിയിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്നും ഇത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഡബ്ബാക്ക് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതെന്നും സിദ്ദിപേട്ട് പൊലീസ് കമ്മിഷണർ ജോയൽ ഡേവിസ് പറഞ്ഞു. നവംബർ മൂന്നിനാണ് ദുദ്ദാഖ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുക.
ബിജെപി സ്ഥാനാർത്ഥി രഘുനന്ദൻ റാവുവിന്‍റെ ഭർതൃ പിതാവ് എസ്. രാംഗോപാൽ റാവു, മറ്റൊരു ബന്ധു അഞ്ജൻ റാവു, സിദ്ദിപേട്ട് മുനിസിപ്പൽ ചെയർമാൻ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നിവരുടെ വസതികളിലാണ് തിരച്ചിൽ നടത്തിയതെന്ന് പൊലീസ് കമ്മിഷണർ അറിയിച്ചു. പിടിച്ചെടുത്ത പണത്തിൽ 5.87 ലക്ഷം രൂപ വീടിന് മുന്നിൽ അജ്ഞാതർ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യുന്നതിനുള്ള പണം വീട്ടിൽ സൂക്ഷിച്ചുവെന്ന വിവരത്തെത്തുടർന്ന് നഗരത്തിലെ തിരച്ചിൽ നടത്തിയത്. പൊലീസും സർക്കാർ ഉദ്യോഗസ്ഥരും തിരച്ചിൽ കഴിഞ്ഞ് മടങ്ങുമ്പോൾ 250 ഓളം വരുന്ന ജനക്കൂട്ടം പൊലീസിനെ തടഞ്ഞു. ഇവർ 5.87 ലക്ഷം രൂപ തട്ടിയെടുത്തു.
അതേസമയം, സംഭവം മുഴുവൻ വീഡിയോ എടുത്തതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പണം തട്ടിയെടുത്തവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പൊലീസിനെതിരെ ബിജെപി പ്രതിഷേധ പ്രകടനം നടത്തിയതോടെ സംഭവം നഗരത്തിൽ സംഘർഷമുണ്ടാക്കി.