പട്‌ന: കാർഷിക ബില്ലുകൾ പാസാക്കിയ നടപടിക്കെതിരെ ആർജെഡി നേതാവ് തേജസ്വി യാദവ് ട്രാക്‌ടർ മാർച്ച് നടത്തി. ബില്ലിനെതിരെ വ്യത്യസ്‌ത രാഷ്‌ട്രീയ പാർട്ടികൾ ആഹ്വാനം ചെയ്‌ത ബന്ധിനെ തുടർന്നാണ് ട്രാക്‌ടർ മാർച്ച് സംഘടിപ്പിച്ചത്. കാർഷിക മേഖലയിൽ കറുത്ത ബില്ലുകളാണ് പാർലമെന്‍റിൽ പാസാക്കിയതെന്നും കാർഷിക മേഖലയുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന ബില്ലുകളാണിതെന്നും തേജസ്വി പറഞ്ഞു.
കർഷകർക്ക് വ്യവസായികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് ബില്ലുകൾ സൃഷ്‌ടിക്കുക. കേന്ദ്ര സർക്കാർ ബലം പ്രയോഗിച്ചാണ് ബില്ലുകൾ പാർലമെന്‍റിൽ പാസാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി 50ഓളം ട്രാക്‌ടറുകളാണ് മാർച്ചിൽ പങ്കെടുത്തത്. സാമൂഹ്യ അകലം പാലിക്കാതെ ഗവർണറുടെ വസതിയിലേക്ക് നടന്ന മാർച്ച് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.