അമരാവതി: ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന തീരുമാനവുമായി ബന്ധപ്പെട്ട ബില്ലുകളെ കുറിച്ച് പഠിക്കാനായി നിയോഗിച്ച സെലക്‌ട് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ അന്തിമപട്ടിക തയ്യാറാക്കി പ്രതിപക്ഷ പാര്‍ട്ടികൾ. തെലുങ്കുദേശം പാര്‍ട്ടി, പ്രൊഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ട്, ഭാരതീയ ജനതാ പാര്‍ട്ടി എന്നിവയാണ് ഓരോ പാര്‍ട്ടിയിലെയും അംഗങ്ങളുടെ അന്തിമപട്ടികയ്‌ക്ക് രൂപം നല്‍കിയത്. ആന്ധ്രാപ്രദേശ് നിയമസഭാ കൗണ്‍സിലാണ് മൂന്ന് തലസ്ഥാനം എന്ന വിഷയവുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളെ കുറിച്ച് പഠിക്കാനായി സെലക്‌ട് കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
അടുത്തിടെ നടന്ന നിയമസഭാ സമ്മേളനത്തിലായിരുന്നു വൈഎസ്ആർസിപി സർക്കാർ തലസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ പാസാക്കിയത്. ബില്ലുകൾ പാസാക്കിയെങ്കിലും ടിഡിപിക്ക് ഭൂരിപക്ഷമുള്ള നിയമസഭാ കൗണ്‍സില്‍ ബില്ലിനെതിരെ രംഗത്തെത്തുകയായിരുന്നു. കൗൺസിൽ ചെയർമാനായ ടിഡിപി അംഗം എം.എ ഷെരീഫ് തന്‍റെ വിവേചനാധികാരം ഉപയോഗിച്ച് ബില്ലുകൾ സെലക്‌ട് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. പി.അശോക് ബാബു, നാര ലോകേഷ്, ജി.ടിപ്പെ സ്വാമി, ബി.ടി.നായിഡു, ജി.സന്ധ്യാ റാണി എന്നിവരെയാണ് സെലക്‌ട് കമ്മിറ്റിയിലേക്ക് ടിഡിപി നാമനിര്‍ദേശം ചെയ്‌തത്. കെ.എസ്.ലക്ഷ്‌മണ്‍ റാവു, വെങ്കിടേശ്വര റാവു എന്നിവരെ പിഡിഎഫ് പാര്‍ട്ടിയും പി.വി.എൻ.മാധവ്, സോമു വീരാജു എന്നിവരെ ബിജെപിയും സെലക്‌ട് കമ്മിറ്റിയിലേക്ക് ശുപാര്‍ശ ചെയ്‌തു.