വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിക്കതിരെ ആരോപണവുമായി തെലുങ്ക് ദേശം പാർട്ടി മേധാവി എൻ ചന്ദ്രബാബു നായിഡു. കൊവിഡ് സാഹചര്യത്തിൽ ജഗൻമോഹൻ റെഡ്ഡി അശ്രദ്ധ കാണിക്കുന്നുവെന്നും പ്രതിപക്ഷത്തിനുനേരെ ഗൂഢാലോചന നടത്തുന്നുവെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. ടിഡിപി നേതാവ് ജി. ദീപക് റെഡ്ഡിയുടെ കൊവിഡ് പരിശോധനയിൽ ക്രമക്കേട് വന്നതിൽ പ്രതിഷേധിച്ചാണ് എൻ ചന്ദ്രബാബു നായിഡുവിന്‍റെ പ്രതികരണം.
ടിഡിപി നേതാവ് ജി. ദീപക് റെഡ്ഡിക്ക് കൊവിഡ് പോസിറ്റീവ് ആയപ്പോൾ അദ്ദേഹം സ്വയം ക്വാറൻറൈൻ സെന്‍ററില്‍ പ്രവേശനം ആവശ്യപ്പെട്ടതായും അദ്ദേഹം ഇതിനകം തെലങ്കാനയിലെ രണ്ട് സ്ഥലങ്ങളിൽ പരിശോധനക്ക് വിധേയനായതായും അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും നായിഡു ആരോപിച്ചു.
വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ ടിഡിപി എംഎൽസിയെ ക്വാറന്‍റൈനില്‍ അയക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണമെന്ന് നായിഡു ആവശ്യപ്പെട്ടു. ജനങ്ങളിൽ നടത്തുന്ന പരിശോധനകൾ വിശ്വസനീയമാണോ അല്ലയോ എന്നതിന് സർക്കാർ ജനങ്ങളോട് ഉത്തരം പറയണമെന്നും വൈറസ് നെഗറ്റീവ് പരീക്ഷിച്ച ഒരാളെ പോസിറ്റീവ് ആണെന്ന് തെറ്റായി റിപ്പോർട്ടുചെയ്തത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര മാർഗനിർദേശങ്ങൾ അനുസരിച്ച്, ട്രൂനെറ്റ് ടെസ്റ്റ് തുടക്കത്തിൽ നടത്തും. ഈ പരിശോധന പോസിറ്റീവ് ആണെന്ന് കാണിക്കുന്നുവെങ്കിൽ, സ്ഥിരീകരണത്തിനായി ആർ ടി -പിസിആർ നടത്തണം. എന്നാൽ ടിഡിപി നേതാവ് ജി. ദീപക് റെഡ്ഡിക്ക് ഈ കാര്യത്തിൽ പ്രോട്ടോക്കോൾ പാലിച്ചില്ല. സർക്കാർ പരിശോധനകൾ രാഷ്ട്രീയ താല്പര്യങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണോ എന്ന് സംശയമുണ്ട് എന്നും എൻ ചന്ദ്രബാബു നായിഡു പറഞ്ഞു.
കൊവിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. ഭരണകക്ഷി പൊതുജനാരോഗ്യവുമായി കളിക്കുകയാണെന്നും കൊവിഡ് ടെസ്റ്റ് കിറ്റുകളും വ്യാജ ബ്ലീച്ചിംഗ് പൊടിയും വാങ്ങി അഴിമതി കാണിക്കുന്നുവെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. നിയമസഭയുടെ സമീപകാല ബജറ്റ് സമ്മേളനത്തിൽ വൈഎസ്‌ആർസിപി സർക്കാരിന്റെ മറ്റൊരു വൃത്തികെട്ട മുഖം വെളിപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.