ചെന്നൈ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിനായക ചതുർഥിക്കായി തയ്യാറെടുക്കുകയാണ് തിരുച്ചിറപ്പള്ളിയിലെ അരുൾമിഗു ഉച്ചി പിള്ളയാർ ക്ഷേത്രം. തമിഴ്‌നാട്ടിൽ നിരവധി ഗണേശ ക്ഷേത്രങ്ങളാണ് പിള്ളയാർ എന്ന പേരിലറിയപ്പെടുന്നത്. എന്നാൽ അരുൾമിഗു ഉച്ചി പിള്ളയാർ ക്ഷേത്രത്തെ മറ്റുള്ള പിള്ളയാർ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്‌തമാക്കുന്നത് അത് സ്ഥിതിചെയ്യുന്ന ഇടമാണ്. സമുദ്രനിരപ്പിൽ നിന്നും 273 അടി ഉയരത്തിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. 437 പടികൾ കയറേണ്ടതുണ്ട്. ക്ഷേത്രത്തിന്‍റെ പേരിനോടൊപ്പം 'ഉച്ചി പിള്ളയാർ' എന്നുവന്നതും ഇത്തരത്തിലാണ്. സമീപത്ത് തായ്‌മാനവർ ക്ഷേത്രവും സ്ഥിതിചെയ്യുന്നുണ്ട്.
ഉച്ചി പിള്ളയ്യാറിലെ ഗണേശൻ നദിയായ കാവേരിക്ക് അനുഗ്രഹമായ ഒരു കൊച്ചുകഥ കൂടിയുണ്ട്. ഒരിക്കൽ ഗണേശൻ കാക്കയുടെ രൂപം പൂണ്ട് കുടക് മലകളിലേയ്ക്ക് പറന്നു. അവിടെ അഗസ്‌ത്യമുനി തപസ് ചെയ്യുന്നുണ്ടായിരുന്നു. അഗസ്‌ത്യന് സമീപം വെള്ളം നിറച്ച കമണ്ഡലുവും ഇരിപ്പുണ്ടായിരുന്നു. കാക്ക രൂപത്തിലെത്തിയ ഗണേശന്‍റെ കാലുതട്ടി കമണ്ഡലു മറിഞ്ഞുവീണു. വറ്റിവരണ്ടുകിടന്ന ഭൂമിയിലേയ്ക്ക് വെള്ളം വന്നുപതിച്ചു. ഇത് കാവേരിയുടെ ഉത്ഭവത്തിലേയ്ക്കും നയിച്ചു. ഗണേശനും കാവേരിയും ഉച്ചി പിള്ളയാറുമെല്ലാം ചതുർഥി കാലത്ത് വീണ്ടും ഓർത്തെടുക്കുകയാണ്.. ഇവിടെ ഓർമകൾ ആഘോഷമാവുകയുമാണ്..