ന്യൂഡൽഹി: ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് കീഴിലുള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തര മെഡിക്കൽ പ്രവേശനത്തിൽ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. പട്ടാളി മക്കൾ കക്ഷി പാർട്ടി നേതാവായ അൻപുമണി രാമദോസാണ് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. കേന്ദ്ര സേവനങ്ങളിലെയും പൊതുസ്ഥാപനങ്ങളിലെയും ജോലികൾക്കായി സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർക്ക് 27 ശതമാനം സംവരണം നൽകുമെന്ന് 1990 ഓഗസ്റ്റ് 13ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി.
2017-18, 2018-19, 2019-20 അധ്യയന വർഷങ്ങളിൽ ക്വാട്ട നൽകിയിട്ടില്ലെന്ന് രാമദോസ് ഹർജിയിൽ പറയുന്നു. 2018-19ൽ 220 ഒബിസി അപേക്ഷകർക്ക് മാത്രമാണ് ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനം നേടിയതെന്നും സംവരണ സീറ്റുകളിൽ വിദ്യാർഥികളെ ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്‍റെ കടമയാണെന്നും ഹർജിയിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ഒബിസി ക്വാട്ട വ്യത്യസ്തമാണെന്നും എസ്‌സി/ എസ്‌ടി ക്വാട്ട ശരിയായി നടപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ വാദിച്ചു.