ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത എട്ട് വിദേശ പൗരന്മാർക്ക് കൂടി തിരികെ പോകാൻ ഡൽഹി കോടതി അനുമതി നൽകി. സ്വദേശത്തേക്ക് പോകണമെന്ന വിദേശീയരുടെ ഹർജി പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്‌ജി സന്ദീപ് യാദവ് നിബന്ധനകളോടെയാണ് അനുമതി നൽകിയത്. ഇവർക്കെതിരെയുള്ള എല്ലാ ചാർജുകളും കോടതി റദ്ദാക്കിയിട്ടുണ്ട്.
വിദേശീയർക്കെതിരായ ലുക്ക്ഔട്ട് സർക്കുലർ റദ്ദാക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രാജ്യം വിടുന്നതിന് മുമ്പായി 30,000 രൂപയും വ്യക്തിഗത വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണമെന്നും കോടതി നിർദേശം നൽകി. അഭിഭാഷകരായ അഷിമ മണ്ട്‌ല, മണ്ടാകിനി സിങ് എന്നിവരാണ് ഇവർക്കായി ഹർജി സമർപ്പിച്ചത്. വിദേശ പൗരന്മാർക്കെതിരായ ചാർജുകൾ ഒഴിവാക്കുകയും പാസ്പോർട്ടുകൾ തിരികെ നൽകുകയും ചെയ്യണമെന്നും കോടതി ഉത്തരവിട്ടിരുന്നു.