ഹൈദരാബാദ്: കൊവിഡിനെതിരെ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാനും രോഗത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കാനും സർക്കാർ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുമായി നൂതന മാർഗവുമായി തെലങ്കാന സർക്കാർ. ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്), സിസ്കോ, ക്വാണ്ടേല എന്നിവയുമായി സഹകരിച്ചാണ് സംസ്ഥാനത്തെ ആരോഗ്യ, ഐടി വകുപ്പുകൾ 'ടി കൊവിഡ്- 19' എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ഇന്ന് തെലങ്കാന ഐടി, വ്യവസായ വകുപ്പ് മന്ത്രി കെ.ടി രാമ റാവു ആപ്പിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ടി കൊവിഡ്- 19 ആപ്ലിക്കേഷൻ വഴി പൗരന്മാർക്ക് വൈറസിനെ കുറിച്ച് വിവരങ്ങൾ നൽകുന്നതിനും വ്യാജ സന്ദശേങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും സാധിക്കും.
ഡോക്‌ടര്‍മാരുടെ അപ്പോയ്‌മെന്‍റുകൾ ബുക്ക് ചെയ്യുന്നതിനും സംസ്ഥാനത്തെ അംഗീകൃത ലബോറട്ടറികൾ, പരിശോധനാ കേന്ദ്രങ്ങൾ, ഐസോലേഷൻ വാർഡുകൾ, നിരീക്ഷണകേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചും ഇനി പൊതുജനങ്ങൾക്ക് ഒരൊറ്റ ക്ലിക്കിലൂടെ വിവരങ്ങൾ ലഭ്യമാകും. ഇതിന് പുറമെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ ഹെൽപ്പ് ലൈൻ നമ്പറും ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാണ്.