ന്യൂഡൽഹി: മുൻ വൈസ് പ്രസിഡന്‍റ് ഹമീദ് അൻസാരിയുടെ "രണ്ട് മഹാമാരി" പരാമർശത്തിനെതിരെ വിമർശനം ഉന്നയിച്ച് അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രസിഡന്‍റ് സ്വാമി ചക്രപാണി. ഹമീദ് അൻസാരിയുടെ പരാമർശം എഐഎംഐഎം നേതാവായ അസദുദ്ദീൻ ഒവൈസിയുടെ പരാമർശത്തിനോട് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. 'പാകിസ്ഥാൻ' ഭാഷയാണ് ഇരുവരും സംസാരിക്കുന്നതെന്നും ഹമീദ് അൻസാരിയുടെ പ്രസ്‌താവനകൾ അപലപനീയമാണെന്നും ചക്രപാണി പറഞ്ഞു.
കൊവിഡിന് മുമ്പായി അമിത ദേശീയതയും മതവും എന്ന രണ്ട് മഹാമാരികൾക്ക് ഇരയായിട്ടുണ്ടെന്നായിരുന്നു അൻസാരിയുടെ പരാമർശം. പ്രസ്‌താവന പിൻവലിച്ച് അൻസാരി മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദിയായിരുന്ന മുഹമ്മദ് അലി ജിന്നയുടെ പാതയിലാണ് ഒവൈസി നടക്കുന്നതെന്നും ഹിന്ദുക്കളെ ഭയപ്പെടുത്തി മുസ്ലീം വോട്ടർമാരെ ധ്രുവീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ചക്രപാണി പറഞ്ഞു. അത്തരം ആളുകളെ മനസിലാക്കി അവർക്കെതിരെ നടപടികൾ എടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.