ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാക്കളെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയയും സ്വീകരിക്കുന്ന നിലപാടുകളും, നീക്കങ്ങളും അഭിനന്ദനാര്‍ഹമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. മോദി- ഷാ കൂട്ടുകെട്ടിനെ ഭരണത്തില്‍ നിന്നും താഴെയിറക്കാനുള്ള കരുത്തും ധൈര്യവും അവര്‍ക്കുണ്ടെന്നും സിങ് അഭിപ്രായപ്പെട്ടു. "ഉത്തര്‍പ്രദേശിലെ മാത്രമല്ല രാജ്യത്താകമാനമുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാൻ പ്രിയങ്ക ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും സാധിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തങ്ങളെ അഭിനന്ദിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കണം. അല്ലാത്ത പക്ഷം അത്തരം നേതാക്കള്‍ എന്തിനാണ് പാര്‍ട്ടിയില്‍ തുടരുന്നത്" - ദിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്‌തു.
സിബിഐ, എൻഫോഴ്‌സ്‌മെന്‍റ്, ഐടി ഡിപ്പാര്‍ട്ട്‌മെന്‍റുകളെ ആയുധമാക്കി നെഹ്‌റു - ഗാന്ധി കുടുംബത്തെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നിന്ന് തകര്‍ത്തെറിയാനാണ് മോദി- ഷാ കൂട്ടുകെട്ടിന്‍റെ ശ്രമം. എന്നാല്‍ അത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ബ്രിട്ടീഷ് ഭരണക്കാലത്ത് ജയില്‍ കിടന് പാരമ്പര്യമുള്ള കുടുംബമാണിത് അവരുടെ ധൈര്യത്തെ ഇല്ലാതാക്കാൻ മോദി- ഷാ കൂട്ടുകെട്ടിനാകില്ലെന്നും ദിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്‌തു. എന്നാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഒന്നായി ശ്രമിക്കണം. ശക്തമായ അടിത്തറയുണ്ടെങ്കില്‍ അതിനെ നയിക്കാൻ രാഹുലും പ്രിയങ്കയും പ്രാപ്‌തരാണ്. അവരുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനാകുമെന്നും ദിഗ്‌വിജയ് സിങ് വ്യക്തമാക്കി.