ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായുള്ള ലൈംഗിക അതിക്രമ പരാതിക്ക് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തലില്‍ ഉച്ചക്ക് രണ്ട് മണിക്ക് സുപ്രീം കോടതി വിധി പറയും. ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സ് പുതിയ സത്യവാങ്മൂലം നല്‍കി. മുദ്രവെച്ച കവറിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ അഭിഭാഷകന് പ്രത്യേക അവകാശമില്ലെന്നും ക്രിമിനല്‍ നിയമപ്രകാരം ഏത് രേഖയും കോടതിക്ക് പരിശോധിക്കാമെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. അതേസമയം ഗൂഢാലോചനയിലെ അന്വേഷണം യുവതിയുടെ പരാതിയെ ബാധിക്കില്ലെന്ന് കോടതി ആവര്‍ത്തിച്ചു.
ലൈംഗികാരോപണം സുപ്രീംകോടതിയിലെ തന്നെ അതൃപ്തരായ ജഡ്ജിമാരും ഉദ്യോഗസ്ഥരും കോര്‍പറേറ്റ് സ്ഥാപനങ്ങളും ചേര്‍ന്ന ലോബിയുടെ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കി ബെയിന്‍സ് കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുമെന്ന് അറിയിച്ച സുപ്രീംകോടതി കഴിഞ്ഞ ദിവസം സിബിഐ, ഐ ബി, ദില്ലി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ ഏത് തലത്തിലുള്ള അന്വേഷണം വേണമെന്നതിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്.