ന്യൂഡൽഹി: കോളജ് പരീക്ഷകൾ റദ്ദാക്കിയ ഡൽഹി, മഹാരാഷ്ട്ര സർക്കാരുകളുടെ നടപടി വ്യവസ്ഥകൾക്ക് എതിരാണെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ് കമ്മീഷൻ (യുജിസി) സുപ്രീം കോടതിയിൽ.എല്ലാ സർവകലാശാലകളും സെപ്റ്റംബറിൽ അവസാന വർഷ / സെമസ്റ്റർ പരീക്ഷ നടത്താൻ നിർദ്ദേശിച്ച യുജിസിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അശോക് ഭൂഷന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് വാദം കേൾക്കുന്നത്. തങ്ങളുടെ സംസ്ഥാനങ്ങളിലെ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങൾ കോടതിയെ അറിയിച്ചിരുന്നു.
പരീക്ഷകൾ നടത്താതിരിക്കുന്നത് വിദ്യാർഥികളുടെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും പരീക്ഷകളില്ലെങ്കിൽ ബിരുദങ്ങൾ അംഗീകരിക്കില്ലെന്നും യുജിസിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ വാദിച്ചു.ബിരുദം നൽകുന്നതിനുള്ള നിയമങ്ങൾ നിർദ്ദേശിക്കാൻ കഴിയുന്ന ഒരേയൊരു സ്ഥാപനമാണ് യുജിസി എന്ന് മേത്ത കോടതിയിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് നിയമങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം പരീക്ഷ റദ്ദാക്കിക്കൊണ്ട് മഹാരാഷ്ട്ര, ഡൽഹി സർക്കാരുകൾ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സമയം വേണമെന്നും കോടതിയെ അറിയിച്ചു. അതേസമയം, ഇക്കാര്യത്തിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ആഗസ്റ്റ് 14 ലേക്ക് നീട്ടി.
ജൂലൈ ആറിന് യുജിസിയുടെ പുതുക്കിയ പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സെപ്റ്റംബർ അവസാനത്തോടെ കോളജുകളിലും സർവകലാശാലകളിലും പരീക്ഷകൾ നടത്തണമെന്ന് നിർദേശിച്ചിരുന്നു. വിദ്യാർഥികളുടെ അക്കാദമിക് വിശ്വാസ്യത, തൊഴിൽ അവസരങ്ങൾ, ഭാവിയിലെ പുരോഗതി എന്നിവ പരീക്ഷകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും യുജിസി പറഞ്ഞിരുന്നു.