ന്യൂഡൽഹി: ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി റഷ്യയിൽ നിന്നുള്ള കൊവിഡ് വാക്‌സിൻ സ്‌പുട്‌നിക് ഇന്ത്യയിലെത്തി. റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടും (ആർഡിഐഎഫ്) ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചൊവ്വാഴ്‌ച വാക്‌സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടതായി ഇന്ത്യൻ ഫാർമ കമ്പനി അറിയിച്ചു. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ ഗമാലിയ നാഷണൽ റിസർച്ച് സെന്‍റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് സ്‌പുട്‌നിക് വികസിപ്പിച്ചത്. ഓഗസ്റ്റ് 11 ന് രജിസ്റ്റർ ചെയ്‌ത സ്‌പുട്‌നികാണ് ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന കൊവിഡ് വാക്‌സിൻ.
ആദ്യത്തെ ഇടക്കാല വിശകലനമനുസരിച്ച് കൊവിഡിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിന് സ്‌പുട്‌നിക് വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ മാസം റഷ്യ പറഞ്ഞിരുന്നു. ഇന്ത്യയിൽ 100 പേരിലാണ് സ്‌പുട്‌നിക് പരീക്ഷിക്കുകയെന്ന് ഇന്ത്യൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ ഡ്രഗ് കൺട്രോളർ ജനറൽ പറഞ്ഞിരുന്നു. പരിശോധന നടത്താൻ ഡോ. റെഡ്ഡിയുടെ ലബോറട്ടറികൾക്ക് ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട്.