ഹൈദരാബാദ്: കൊവിഡ് 19 രോഗികളെ ചികിത്സിക്കാൻ പ്രത്യേക ആശുപത്രികള്‍ സജ്ജീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. രോഗ വ്യാപനമുണ്ടാകാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗ ബാധയുണ്ടെന്ന് സംശയിക്കുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ടെങ്കില്‍ അവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഉത്തരവിറക്കിയിട്ടുണ്ട്.
കൊവിഡ് 19 ചികിത്സാര്‍ഥം ഒമ്പത് കേന്ദ്രങ്ങളില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യാനുസരണമുള്ള ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനം, വൈറസിനെ നേരിടാൻ തയ്യാറാണെന്ന് ടി.ആര്‍.എസ് എം.പി ലക്ഷ്‌മികാന്ത് റാവു അറിയിച്ചു. വൈറസ് വ്യാപിക്കാൻ സംസ്ഥാനം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു. തെലങ്കാനയിലെ ആദ്യ കൊവിഡ് 19 ഹൈദരബാദിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ദുബായിയില്‍ നിന്നെത്തിയ 24കാരനായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ നിന്ന് ഫെബ്രുവരി 22ന് ബസ് മാര്‍ഗമാണ് ഇയാള്‍ ഹൈദരാബാദിലെത്തിയത്.