കാൻപൂർ: ഉത്തർപ്രദേശിലെ ബെഹ്‌മൈ കൂട്ടക്കൊല കേസില്‍ പ്രത്യേക കോടതി ശനിയാഴ്ച വിധി പ്രഖ്യാപിക്കും. കൊള്ളക്കാരിയായിരുന്ന ഫൂലന്‍ ദേവിയുടെ സംഘം ഗ്രാമത്തിലെ 20 പേരെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 39 വര്‍ഷത്തിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. 1981 ല്‍ ആണ് ഗ്രാമത്തിലെ 20 പേരെ ഫൂലൻ ദേവിയുടെ സംഘം വെടിവച്ചു കൊന്നത്.
ശനിയാഴ്ചത്തെ വിധിയിൽ വലിയ പ്രതീക്ഷയുണ്ടെന്ന് സർക്കാർ അഭിഭാഷകൻ രാജീവ് പോർവാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾക്കെതിരെ അലഹബാദ് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിന്യായങ്ങൾ വിചാരണക്കോടതിയിൽ സമർപ്പിച്ചതായി പോർവാൾ പറഞ്ഞു. പോഷ, ഭിഖ, വിശ്വനാഥ്, ശ്യാംബാബു എന്നീ നാല് പ്രതികളുടെ പങ്ക് സംബന്ധിച്ച കേസിലാണ് വിധി പറയുന്നത്. പോഷ ജയിലിലും ഭിഖ, വിശ്വനാഥ്, ശ്യാംബാബു എന്നിവർ ജാമ്യത്തിലുമാണുള്ളത്. സംഘത്തിലെ മറ്റ് നാലുപേർ ഒളിവിലാണ്.