ന്യൂഡൽഹി: 21 ദിവവസത്തെ സമ്പൂർണ ലോക് ഡൗണ്‍ മൂലം ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം വീടുകളിലെത്താൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്നതായി സോണിയ ഗാന്ധി. ഇത്തരം തൊഴിലാളികളെ സംരക്ഷിക്കാൻ ദേശീയ ഉപദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു.
"രാജ്യത്തൊട്ടാകെ ഏർപ്പെടുത്തിയിരിക്കുന്ന ലോക് ഡൗണിന്‍റെ ആഘാതത്തെ കുറിച്ച് ശ്രദ്ധയിൽ പെടുത്തുന്നു. പൊതുഗതാഗതം ലഭ്യമല്ലാത്തതിനാൽ നൂണുകണക്കിന് മൈലുകൾ കാൽനടയായി സഞ്ചരിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ വീടുകളിൽ എത്തുന്നത്. മറ്റ് പലരും പണം ഇല്ലാതെ ലോഡ്ജുകളിലും ഹോട്ടലുകളിലും കുടിങ്ങി കിടക്കുകയാണ്." സോണിയ ഗാന്ധി കത്തിൽ എഴുതി.
നിലവിലെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനൊപ്പം ലോഡ്ജുകളിലും ഹോട്ടലുകളിലും കുടിങ്ങി കിടക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ജില്ലാ കലക്ടർമാരോട് നിർദേശിക്കണമെന്നും സോണിയ കത്തിൽ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി യുപി കോൺഗ്രസ് ഹൈവേ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരുകളുടെ സഹകരണം ആവശ്യമാണെന്നും അവർ പറഞ്ഞിരുന്നു.