ബംഗളൂരു: ഏതൊരു മോശം അവസ്ഥയിലും പാർട്ടി പ്രവർത്തകരോടൊപ്പം നിൽക്കുന്ന വ്യക്തിയാണ് സോണിയ ഗാന്ധിയെന്ന് കോൺഗ്രസ് നേതാവ് ഡി. കെ. ശിവകുമാർ. താൻ അറസ്റ്റിലായപ്പോൾ സോണിയ ഗാന്ധി നൽകിയ കരുത്തും പ്രചോദനവും വലുതാണ്. എന്നെപ്പോലെ എല്ലാ പാർട്ടി പ്രവർത്തകരോടും കോൺഗ്രസ് അധ്യക്ഷക്ക് ഇതേ സമീപനം തന്നെയാണെന്നും ശിവകുമാർ വിശദീകരിച്ചു. കോൺഗ്രസ് പാർട്ടി അവരുടെ പ്രവർത്തകരോടൊപ്പം നിൽക്കുമെന്നതിന്‍റെ സന്ദേശമാണിതെന്നും ശിവകുമാര്‍ വ്യക്തമാക്കി.
ജയിലിലായിരുന്നപ്പോൾ തന്നെ പിന്തുണയ്‌ക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിച്ചുവെന്നും ശിവകുമാർ വെളിപ്പെടുത്തി. കഴിഞ്ഞ മാസം മൂന്നിനാണ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്‌തത്. ഡൽഹി ഹൈക്കോടതി ഈ മാസം ഇരുപത്തിമൂന്നിന് അദ്ദേഹത്തിന് ജാമ്യം നൽകിയിരുന്നു. ഈ മാസം ഇരുപത്തിയഞ്ചിന് തിഹാർ ജയിലിൽ നിന്നും മോചിതനായ കർണാടകയുടെ മുൻ മന്ത്രിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നലെ ബംഗളൂരുവിൽ വൻ സ്വീകരണവും നല്‍കിയിരുന്നു.