മുംബൈ: പാർട്ടിയുടെ മുഖപത്രമായ 'സാമ്‌ന'യിലൂടെ ബിജിപിയെ പരിഹസിച്ച് ശിവസേന. രാജ്യത്ത് പക്ഷിപ്പനി പടർന്നതിന് പിന്നിൽ പാകിസ്ഥാനി, ഖാലിസ്ഥാനി, നക്‌സലേറ്റുകൾ എന്നിവരുടെ കൈയുണ്ടോയെന്നാണ് ശിവസേന ചോദിച്ചു. കർഷക പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനികൾ, ഖാലിസ്ഥാനി, ചൈനീസ്, നക്‌സലേറ്റുകൾ, മാവോയിസ്റ്റുകൾ എന്നിവരാണെന്ന ബിജെപിയുടെ വാദത്തിന് പിന്നാലെയാണ് ശിവസേനയുടെ ആക്ഷേപം.
കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രക്ഷോഭം നടത്തുന്ന സമയത്ത് തന്നെ പക്ഷിപ്പനി പടരുകയാണ്. കർഷകരുടെ പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനികൾ, ഖാലിസ്ഥാനി, ചൈനീസ്, നക്‌സലേറ്റുകൾ, മാവോയിസ്റ്റുകൾ എന്നിവരാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ പക്ഷിപ്പനിയ്‌ക്ക് പിന്നിൽ ഇവരാണെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടില്ലെന്നും സാമ്‌നയിൽ പറയുന്നു.
പക്ഷിപ്പനി ഗ്രാമീണ മേഖലയെ പ്രതികൂലമായി ബാധിച്ചു. ഇത് കോഴി, മുട്ട എന്നിവ വിൽക്കുന്നവരെ പ്രതിസന്ധിയിലാക്കും. പക്ഷിപ്പനിക്കെതിരെ കോർപ്പറേറ്റുകൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ പൗൾട്രി ഫാമുകാരെ ആര് സംരക്ഷിക്കുമെന്നും ശിവസേന ചോദിച്ചു. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചു. പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഒരിക്കലും യോജിക്കാൻ സാധിക്കില്ലെന്നും ശിവസേന മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.