ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിതിന്‍റെ ഭൗതികശരീരം അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചു. ആയിരക്കണക്കിന് പേരാണ് ഡൽഹിയുടെ വികസന നായികക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ എഐസിസി ആസ്ഥാനത്ത് എത്തി അന്തിമോപചാരം അർപ്പിച്ചു. ഷീലാ ദീക്ഷിതിന്‍റെ മരണം കോൺഗ്രസ് പാർട്ടിയുടെ തീരാനഷ്ടമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, സുഷമാ സ്വരാജ്, നാഷണൽ കോൺഫറന്‍സ് നേതാവ് ഒമർ അബ്ദുള്ള, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവർ വസതിയിലെത്തി അന്തിമോപാചാരം അർപ്പിച്ചു.
നിരവധി പ്രമുഖരാണ് ഇന്നലെയും ഇന്നുമായി അന്തിമോപാചാരം അർപ്പിക്കാൻ എത്തിയത്. ഡൽഹി നിസാമുദ്ദീൻ വസതിയിലെ പൊതുദർശനത്തിന് ശേഷമാണ് ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് എത്തിച്ചത്. പൊതുദർശനത്തിന് ശേഷം ഭൗതികശരീരം എഐസിസി ആസ്ഥാനത്ത് നിന്ന് വിലാപയാത്രയായി യമുനാ തീരത്തെ നിഗംബോധ്ഘട്ടില്‍ എത്തിക്കും. വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.