ന്യൂഡല്‍ഹി: വിചാരണക്കോടതി ഉത്തരവിനെതിരെ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഷര്‍ജീല്‍ ഇമാമിനെതിരെയുള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് കൂടുതല്‍ സമയം അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിഎഎ, എന്‍ആര്‍സി എന്നിവക്കെതിരെ നടത്തിയ പ്രകടനത്തില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് ഷര്‍ജീല്‍ ഇമാമിനെതിരെ കേസെടുത്തത്. ഹര്‍ജി മെയ് 14 ന് ഹൈക്കോടതി ലിസ്റ്റു ചെയ്യും.
ഏപ്രില്‍ 25 ലെ വിചാരണക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഷര്‍ജീല്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി നീട്ടിയത്. കാലാവധി പൂര്‍ത്തിയായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ നേരത്തെ ഷര്‍ജീല്‍ ഇമാം ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് ജനുവരി 28നാണ് ഷര്‍ജീല്‍ അറസ്റ്റിലായത്. 90 ദിവസത്തെ കസ്റ്റഡി കാലാവധി ഏപ്രില്‍ 27 ന് അവസാനിച്ചിരുന്നു.