ന്യൂഡല്‍ഹി: തങ്ങള്‍ക്കൊപ്പം പ്രണയദിനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ഷഹീന്‍ബാഗിലെ പ്രക്ഷോഭകര്‍. തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നിന്നുള്ള ക്ഷണം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. താങ്കള്‍ക്കായി ഒരു സമ്മാനം ഞങ്ങള്‍ ഒരുക്കിവച്ചിട്ടുണ്ടെന്നും സമരക്കാർ സമൂഹമാധ്യമങ്ങളിലെ ക്ഷണത്തില്‍ കുറിച്ചിട്ടുണ്ട്. "പ്രധാനമന്ത്രി നരേന്ദ്ര മോദി താങ്കള്‍ ഷഹീന്‍ബാഗിലേക്ക് വരൂ ഞങ്ങളുടെ സമ്മാനം സ്വീകരിക്കൂ, ഞങ്ങളോട് സംസാരിക്കൂ". - എന്നെഴുതിയ പ്ലക്കാര്‍ഡുകളാണ് പ്രചരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും, നടപ്പാക്കാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്‌റ്ററിനെതിരെയും കഴിഞ്ഞ ഡിസംബര്‍ 15 മുതല്‍ സമരം നടത്തുന്നവരാണ് ഷഹീന്‍ബാഗിലെ പ്രക്ഷോഭകര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ, ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കോ ഞങ്ങളോട് വന്ന് സംസാരിക്കാം. നിലവില്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ഭരണഘടനയ്‌ക്ക് വിരുദ്ധമല്ലെന്ന് അവര്‍ക്ക് ഞങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ സമരം അവസാനിപ്പിക്കും - സമരക്കാരെ നയിക്കുന്നവരുടെ കൂട്ടത്തിലെ പ്രധാനിയായ സയിദ് തസീര്‍ അഹമ്മദ് പറഞ്ഞു. പുതിയ ഭേദഗതി പൗരത്വം നല്‍കാനാണ് അല്ലാതെ എടുത്തുകളയാനല്ല എന്ന് പറയുന്ന സര്‍ക്കാര്‍ എങ്ങനെയാണ് ഇത് രാജ്യത്തിന് നേട്ടമാകുന്നതെന്ന് വ്യക്തമാക്കാന്‍ തയാറാകുന്നില്ലെന്നും സയിദ് തസീല്‍ ആരോപിച്ചു. രാജ്യം നേരിടുന്ന ദാരിദ്ര്യം, തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രതിസന്ധി എന്നിവ മറികടക്കാന്‍ പുതിയ ഭേദഗതികൊണ്ട് സാധിക്കുമോയെന്നും സയിദ് തസീര്‍ ചോദിച്ചു.