ന്യൂഡല്‍ഹി: തനിക്കെതിരായ രാജ്യദ്രോഹ കുറ്റകേസ് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ പരിഗണിക്കണമെന്ന് മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍. എ.എ.പി ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് കനയ്യ കുമാറിന്‍റെ പ്രതികരണം. രാജ്യദ്രോഹ കുറ്റം പോലുള്ള ഒരു നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത് എന്ന് രാജ്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കെതിരെ നടപടി ആരംഭിച്ചത് മനപ്പൂര്‍വമാണ്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സിരിക്കുന്ന സമയത്തായിരുന്നു കേസിലെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തത്. ബിഹാര്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ നിയമ നടപടികള്‍ തുടങ്ങി. എന്‍.ആര്‍.സിയും എന്‍.പി.ആറും രാജ്യസഭയില്‍ പാസാക്കാന്‍ എന്‍.ഡി.എക്ക് കഴിഞ്ഞു. രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ചാണ് ഇത്തരം പ്രവര്‍ത്തികളെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യദ്രോഹം പോലുള്ള നിയമം എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന് രാജ്യമെമ്പാടും അറിയണം. ഇതിനാണ് താന്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണ നടത്തണമെന്ന് ആവശ്യപ്പെടുന്നത്. കനയ്യ കുമാറിനേയും മറ്റ് രണ്ട് പേരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച്ചയാണ് ഡല്‍ഹി പൊലീസ് അപേക്ഷ സമര്‍പ്പിച്ചത്. ആഭ്യന്തര സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച കത്ത് പൊലീസ് സമര്‍പ്പിച്ചതെന്ന് സ്പെഷ്യല്‍ സെല്ലിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ പ്രമോദ് കുശ്വ പറഞ്ഞിരുന്നു. 2016 ഫെബ്രുവരി 9ന് സര്‍വകലാശാലയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനില്‍ ഭട്ടാചാര്യ എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവര്‍ ദേശവിരുദ്ധ മാദ്രാവാക്യം വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞതായും കുറ്റപത്രത്തിലുണ്ട്.