ന്യൂഡല്‍ഹി: പുരിയിലും ഒഡിഷയിലെ വിവിധ സ്ഥലങ്ങളിലും ജൂണ്‍ 23ന് നടത്താനിരുന്ന രഥയാത്ര തടഞ്ഞു കൊണ്ടുള്ള സ്റ്റേ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് രഥയാത്രക്ക് സ്റ്റേ നല്‍കിയത്.
സുപ്രീംകോടതി സിംഗിള്‍ ജഡ്ജ് ബെഞ്ച് നാളെ രാവിലെ 11ന് വാദം കേള്‍ക്കും. ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ടാണ് വാദം കേള്‍ക്കുക. ജൂണ്‍ 18ന് ചീഫ് ജസ്റ്റിസ് ശാരദ് അരവിന്ദ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് രഥയാത്ര സ്റ്റേ ചെയ്തത്. പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഒത്തുചേരലുകള്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് പറഞ്ഞു.
'രഥയാത്ര അനുവദിച്ചാൽ ജഗന്നാഥൻ ക്ഷമിക്കില്ലെന്നും പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിറുത്തിയാണ് ഉത്തരവെന്നും ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
കൊവിഡ് -19 പകർച്ചവ്യാധി കണക്കിലെടുത്ത് ഈ വർഷം പുരിയിൽ ജഗന്നാഥ് 'രഥയാത്ര' നടത്തരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കാൻ ഒഡീഷ സർക്കാർ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി നവീൻ പട്നായികിന്‍റെ അധ്യക്ഷതയില്‍ ഭുവനേശ്വറില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവ് അനുസരിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 23നാണ് രഥയാത്ര നടക്കേണ്ടത്.