ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടി 2017ൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായി വിജയ് മല്യ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാഗിയോയില്‍ നിന്നും കൈപ്പറ്റിയ 40 മില്യണ്‍ ഡോളര്‍ മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനെതിരെയാണ് സുപ്രീം കോടതിയിൽ വിജയ് മല്യക്കെതിരെ കോടതിയലക്ഷ്യ ഹർജിയുണ്ടായിരുന്നത്. കേസിൽ വാദം കേട്ട ശേഷം ജസ്റ്റിസുമാരായ അശോക് ഭൂഷൺ, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വിധി മറ്റൊരു ദിവസത്തേക്ക് നീട്ടിവെച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി വിജയ് മല്യയുടെ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതില്‍ രജിസ്ട്രറിയില്‍ നിന്ന് സുപ്രീം കോടതി ഈ വർഷം ജൂണിൽ വിശദീകരണം തേടിയിരുന്നു. പുനഃപരിശോധനാ ഹർജിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളടക്കം കൈമാറണമെന്നും കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയുടെ 2017 മെയ് ഒമ്പതിലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു മല്യയുടെ ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ 17 ബാങ്കുകളിലായി 9000 കോടി രൂപ കടമാക്കിയ ശേഷം മല്യ 2016 മാർച്ച് രണ്ടിന് വിദേശത്തേക്ക് കടന്നു. ഇന്ത്യയിലേക്ക് അയക്കരുതെന്ന വിജയ് മല്യയുടെ അവസാനത്തെ ഹർജി മെയ് 14ന് യുകെ കോടതി തള്ളിയിരുന്നു.