ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെ സർക്കാരിനെ നീക്കം ചെയ്യണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഡൽഹി നിവാസികളായ വിക്രം ഗെലോട്ട്, റിഷാബ് ജെയിൻ, ഗൗതം ശർമ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിസമ്മതിച്ചു.
ഒരു പൗരൻ എന്ന നിലയിൽ രാഷ്ട്രപതിയെ സമീപിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ചില ബോളിവുഡ് നടന്മാർ മരിച്ചതിനാലാണ് നിങ്ങൾ മഹാരാഷ്ട്രയിൽ ഭരണം നടപ്പാക്കപ്പെടുന്നില്ലയെന്ന് പറയുന്നത്. നിങ്ങൾ പരാമർശിക്കുന്ന ഓരോ സംഭവവും മുംബൈയിൽ നിന്നുള്ളതാണ്. മഹാരാഷ്ട്ര എത്ര വലുതാണെന്ന് അറിയാമോയെന്നും ഹർജി തള്ളിക്കൊണ്ട് ബെഞ്ച് ചോദിച്ചു.
കുറ്റവാളികളെ സംരക്ഷിക്കാൻ മാത്രമല്ല, ക്രിമിനൽ പ്രവർത്തനങ്ങൾ പതിവായി പ്രോത്സാഹിപ്പിക്കുന്നതിനും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടി പൊലീസുകാരെ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. നിയമപരമായ ആവശ്യങ്ങൾക്കനുസൃതമായി പൗരന്മാരുടെ ക്ഷേമത്തിന് സത്യസന്ധമായും ആത്മാർത്ഥമായും സംസ്ഥാന സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ലെന്നു ഹർജിക്കാർ വ്യക്തമാക്കി.
നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം, നടൻ കങ്കണ റനൗട്ടിനെ ഭീഷണിപ്പെടുത്തൽ, ഓഫീസ് പൊളിച്ചുനീക്കൽ, മുൻ നാവികസേനാ ഉദ്യോഗസ്ഥൻ മദൻ ലാൽ ശർമയ്ക്ക് നേരെ ശിവസേന വോളന്‍റിയർമാരുടെ ആക്രമണം തുടങ്ങിയ സംഭവങ്ങൾ ഹർജിയിൽ പരാമർശിച്ചിരുന്നു.