ന്യൂഡൽഹി: കമ്പാർട്ട്‌മെന്‍റ് പരീക്ഷയുടെ ഫലം എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് സിബിഎസ്ഇക്ക് നിർദേശം നൽകി സുപ്രീം കോടതി. വിദ്യാർഥികൾക്ക് കോളാജുകളിൽ പ്രവേശനം ലഭിക്കുന്നുണ്ടെന്നും ഇത് യുജിസിയുമായി ഏകോപിപ്പിച്ച് വേണം ചെയ്യാനെന്നും സുപ്രീം കോടതി നിർദേശത്തിൽ പറയുന്നു.
കൊവിഡ് മൂലം ഈ വർഷം കമ്പാർട്ട്‌മെന്‍റ് പരീക്ഷകൾ വൈകിയതിനാൽ കോളജ് പ്രവേശന കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എ എം ഖാൻവിൽക്കറുടെ ബെഞ്ചാണ് വാദം കേട്ടത്. പരീക്ഷ റദ്ദാക്കണമെന്ന് അപേക്ഷകൻ ആവശ്യപ്പെട്ടെങ്കിലും അത് നടക്കാത്തതിനാൽ പ്രവേശന സമയപരിധി നീട്ടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.
ഓഗസ്റ്റിൽ പ്രവേശനം പൂർത്തിയായതായി യുജിസി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഒക്ടോബർ പ്രവേശനം വീണ്ടും തുറന്നിട്ടുണ്ടെന്നും അതിന് മുമ്പ് ഫലങ്ങൾ പ്രഖ്യാപിച്ചാൽ വിദ്യാർഥികൾക്ക് പ്രവേശനം നഷ്ടമാകില്ലെന്നും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ വിദ്യാർഥികൾക്ക് അഡ്മിഷൻ കൊടുക്കുമെന്നും യുജിസി അറിയിച്ചു.
സെപ്റ്റംബർ 24 വരെ അക്കാദമിക് കലണ്ടർ പുറത്തിറക്കരുതെന്ന് സുപ്രീംകോടതി യുജിസിയോട് ആവശ്യപ്പെട്ടു. സിബിഎസ്ഇയുമായി ഏകോപിപ്പിച്ച് പരിഹാരം കണ്ടെത്തണമെന്നും സുപ്രീംകോടതി യുജിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ലക്ഷം വിദ്യാർഥികളാണ് കമ്പാർട്ട്‌മെന്‍റ് പരീക്ഷകൾ എഴുതുന്നത്. സെപ്റ്റംബർ 22 മുതൽ 29 വരെയാണ് പരീക്ഷകൾ നടക്കുക. വിഷയത്തിൽ സെപ്റ്റംബർ 24 ന് കോടതി വീണ്ടും വാദം കേൾക്കും. സിബിഎസ്‌ഇയില്‍ തോറ്റ കുട്ടികള്‍ക്കായുള്ള പരീക്ഷയാണ് കമ്പാര്‍ട്ട്‌മെന്‍റ് പരീക്ഷ.