ന്യൂഡൽഹി: തൊഴിലാളികൾക്ക് അടിയന്തരമായി വേതനം നൽകാത്തതിന് തൊഴിലുടമകൾക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന കോടതിയുടെ മുൻ ഉത്തരവ് തുടരുമെന്ന് ജസ്റ്റിസ് എസ് കെ കൗൾ. തൊഴിലാളികൾക്ക് അടിയന്തരമായി വേതനം നൽകുന്നതിൽ നിന്ന് തൊഴിലുടമകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഹർജികൾ പരിഗണിക്കാൻ ജസ്റ്റിസ് അശോക് ഭൂഷന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കാൻ ബെഞ്ച് യൂണിയൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർച്ച് 29ലെ ഉത്തരവിനെ അസാധുവാക്കുന്ന പുതിയ വിജ്ഞാപനം സർക്കാർ മെയ് 17 ന് പാസാക്കിയതായി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. തൊഴിലാളികൾക്ക് മുഴുവൻ വേതനവും നൽകുന്നതിന് ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. ലോക്ക് ഡൗൺ നിലവിൽ വന്നതോടെ വൻതോതിൽ വരുമാനനഷ്ടമുണ്ടെന്നും തൊഴിലാളികൾക്ക് വേതനം നൽകാൻ തങ്ങൾക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും അവർ അവകാശപ്പെട്ടിരുന്നു.