ന്യൂഡൽഹി: പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വികാസ് ദുബെ കൊല്ലപ്പെട്ട കേസിൽ മൂന്നംഗ അന്വേഷണ സംഘത്തെ നിയമിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജസ്റ്റിസ് ബി.എസ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണ ചുമതല നൽകിയത്. കേസിൽ രണ്ട് മാസത്തിനകം സംസ്ഥാന സർക്കാരിനും സുപ്രീം കോടതിക്കും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. അന്വേഷണ സംഘത്തെ വീണ്ടും രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിന് മറുപടിയായി ജസ്റ്റിസ് ബി.എസ് ചൗഹാൻ, മുൻ ഡിജിപി കെ.എൽ ഗുപ്‌ത എന്നിവരുടെ പേരുകൾ സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. ഇരുവരെയും കോടതി അംഗീകരിച്ചിട്ടുണ്ട്. മുൻ അലഹാബാദ് ഹൈക്കോടതി ജഡ്‌ജ് ശശികാന്ത് അഗർവാളും സംഘത്തിലുണ്ട്.
പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) ജുഡീഷ്യൽ അന്വേഷണ കമ്മീഷനും പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് സുപ്രീം കോടതിക്ക് ലഭിച്ച ഹർജിയിൽ സിബിഐയ്‌ക്കോ എൻഐഎയുടെ സ്വതന്ത്ര അന്വേഷണത്തിനോ കോടതി മറ്റൊരു നിർദേശവും നൽകിയിട്ടില്ല. ഏറ്റുമുട്ടൽ കേസിൽ പ്രതിയായ ഐപിഎസ് ഉദ്യോഗസ്ഥൻ എങ്ങനെയാണ് അന്വേഷണ സംഘത്തിന്‍റെ ഭാഗമായതെന്നും ഹർജിയിൽ പറയുന്നു. കമ്മീഷനും, എസ്ഐടിയും അന്വേഷണം നടത്തുന്നുണ്ടെന്ന് വാദിച്ച് സിബിഐ, എൻഐഎ അന്വേഷണം ഉത്തർപ്രദേശ് സർക്കാർ നിഷേധിച്ചിരുന്നു. വികാസ് ദുബെക്കെതിരെ 64 ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നിട്ടും ജാമ്യം ലഭിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ എസ്‌ജി തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഏറ്റുമുട്ടലിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം നിരസിച്ച സുപ്രീം കോടതി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ അപേക്ഷകനോട് ആവശ്യപ്പെട്ടു.