ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സെയ്‌ഫുദ്ദീൻ സോസിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ് വക്താവ് ജയ്‌വീർ ഷേർഖിൽ. ബിജെപിയുടെ നുണക്കഥകളും സ്വേച്ഛാധിപത്യ മുഖവുമാണ് വീഡിയോയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീനഗറിലെ തന്‍റെ വസതിയുടെ അതിർത്തി മതിലിൽ നിൽക്കുന്ന സെയ്‌ഫുദ്ദീൻ സോസ് താൻ സ്വതന്ത്രനല്ലെന്നും നിയമവിരുദ്ധമായ വീട്ടുതടങ്കലിൽ ആണെന്നുമാണ് വീഡിയോയിൽ പറയുന്നത്.
ജമ്മു കശ്‌മീരിന്‍റെ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഓഗസ്റ്റ് അഞ്ച് മുതൽ ഔദ്യോഗിക ഉത്തരവില്ലാതെ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സോസ് ആരോപിക്കുന്നു. ഇതിനകം തന്നെ സോസിന്‍റെ കുടുംബം പരാതി നൽകിയിട്ടുണ്ടെന്നും ബിജെപിയുടെ സ്വേച്ഛാധിപരമായ നിലപാടുകൾക്ക് എതിരായ പേരാട്ടത്തിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുമെന്നും ഷെർഗിൽ പറഞ്ഞു.