ബെംഗളൂരു: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി ഡി.വി സദാനന്ദഗൗഡ. പ്രതിസന്ധി ഘട്ടത്തെ കേരളം മികച്ച രീതിയില്‍ നേരിട്ടു. അതിഥി തൊഴിലാളികളുടെ മടക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാനം പ്രത്യേക കരുതല്‍ കാണിച്ചെന്നും സദാനന്ദഗൗഡ പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതില്‍ സ്വീകരിച്ച പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദനം അറിയിച്ചതായും അദ്ദേഹം ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
രാജ്യത്ത് ആദ്യമായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതത് കേരളത്തിലാണ്. ആദ്യ ദിവസം തന്നെ ഏതൊക്കെയാണ് രോഗബാധിത പ്രദേശങ്ങളെന്ന് സര്‍ക്കാര്‍ കണ്ടെത്തി. പഞ്ചായത്തുകളിലെ ചെറിയ പ്രദേശങ്ങളെ പോലും കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. റെഡ് സോണുകളിലും ശക്തമായ നടപടികളെടുത്തു. രോഗബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കി. റെഡ് സോണുകളില്‍ നിന്ന് ആരും പുറത്തുവരുന്നില്ലെന്ന് ഉറപ്പുവരുത്തിെയന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കൊവിഡ് ബാധിതര്‍ക്ക് ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കി. എന്നാല്‍ പ്രവാസികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരിലും രോഗം സ്ഥിരീകരിച്ചതോടെ സ്ഥിതി മാറി. അല്ലായിരുന്നുവെങ്കില്‍ കേരളം ഒരൊറ്റ കേസ് പോലുമില്ലാത്ത നിലയിലെത്തുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.