ന്യൂഡൽഹി:∙ ശബരിമല യുവതീപ്രവേശനമടക്കമുള്ള വിഷയങ്ങളില്‍ തിങ്കളാഴ്ച മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയാണ് ഉത്തരവിട്ടത്. സുപ്രീംകോടതി പുതുതായി നിയമിച്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക. ശബരിമല യുവതീപ്രവേശനത്തിന് പുറമേ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ചുള്ള വിഷയങ്ങളും ബെഞ്ച് പരിഗണിക്കും. 10 ദിവസത്തെ വാദം മതിയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാദത്തിന് 22 ദിവസത്തെ സമയം ആവശ്യപ്പെടാൻ അഭിഭാഷകരുടെ യോഗം തീരുമാനമെടുത്തിരുന്നു. വിഷയം കോടതിക്ക് മുമ്പാകെ സോളിസിറ്റർ ജനറൽ തുഷാർമേത്ത രാവിലെ അറിയിച്ചു. പിന്നാലെയാണ് ചീഫ് ജസ്‌റ്റിസിന്‍റെ മറുപടി. കോടതി നിര്‍ദേശ പ്രകാരമാണ് വിഷയത്തില്‍ കോടതിയില്‍ ഉയര്‍ത്തേണ്ട ചോദ്യങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ അഭിഭാഷകര്‍ യോഗം ചേര്‍ന്നത്.