പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മോശം പ്രകടനം സഖ്യ കക്ഷിയായ ആര്‍ജെഡിയില്‍ നിന്നും കടുത്ത വിമര്‍ശനത്തിനിടയാക്കി. ആര്‍ജെഡി നേതാവായ ശിവാനന്ദ് തിവാരി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. സംസ്ഥാനത്തെ മഹാഗത്ബന്ധന്‍ സഖ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ചങ്ങലക്കിട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. 70 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചു. എന്നാല്‍ 70 റാലി പോലും നടത്തിയില്ലെന്നും ആര്‍ജെഡി നേതാവ് കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസത്തെ റാലിക്കായി രാഹുല്‍ ഗാന്ധി ബിഹാറില്‍ വന്നു എന്നാല്‍ പ്രിയങ്ക ഗാന്ധി വന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിക്കൊപ്പം ഷിംലയില്‍ വിനോദ യാത്രയിലായിരുന്നുവെന്നും ആര്‍ജെഡി നേതാവ് ആരോപിച്ചു.
ആര്‍ജെഡി നേതാവിന്‍റെ വിമര്‍ശനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. ആര്‍ജെഡിയുടെ ഔദ്യോഗിക വക്താവല്ല ശിവാനന്ദ് തിവാരിയെന്നും ബിജെപിയും ജെഡിയുവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്ര മന്ത്രി ഗിരിരാജ് സിങിനെപ്പോലെയാണ് അദ്ദേഹത്തിന്‍റെ സംസാരമെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും എംഎല്‍സിയും എഐസിസി മീഡിയ പാനല്‍ അംഗവുമായ പ്രേം ചന്ദ്ര മിശ്ര പറഞ്ഞു. സഖ്യധര്‍മം എല്ലാ പാര്‍ട്ടികളും പാലിക്കണമെന്ന് പ്രേം ചന്ദ്ര മിശ്ര ട്വീറ്റ് ചെയ്‌തു. എന്നാല്‍ ശിവാനന്ദ് തിവാരിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്ന് ആര്‍ജെഡി വക്താക്കളായ മൃത്യുജ്ഞയ് തിവാരിയും ചിത്തരഞ്ജന്‍ തിവാരിയും വ്യക്തമാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി. പ്രദേശിക നേതാവിനെപ്പോലെ ഒരു ദേശീയ പാര്‍ട്ടി നേതാവിന് സംസ്ഥാന തെരഞ്ഞെടുപ്പിനായി സമയവും ഊര്‍ജവും ചെലവഴിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് താരിഖ് അന്‍വര്‍ പറഞ്ഞു. ബിഹാറിലെ 243 സീറ്റുകളില്‍ 70 സീറ്റുകളിലേക്ക് മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളു.