വിമത ബിജെപി എംപി ശത്രുഘ്നൻ സിൻഹ കോൺഗ്രസിലേക്ക്. ലോക്സഭയിലേക്കു സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സിൻഹ കൂടിക്കാഴ്ച നടത്തിയത്. ഏപ്രിൽ ആറിന് അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
‘രാഹുൽ വളരെ പ്രോത്സാഹനം നൽകുന്ന പോസിറ്റീവ് വ്യക്തിയാണ്. ബിജെപിക്കെതിരെ നടത്തിയ കലാപം അന്തസ്സോടെയായിരുന്നെന്ന് അദ്ദേഹം പ്രശംസിച്ചു. എന്നേക്കാൾ ഇളയ ആളാണെങ്കിലും രാജ്യത്തെ ജനകീയ നേതാവാണ്. നെഹ്റു–ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്ന ആളാണു ഞാൻ. രാജ്യം കെട്ടിപ്പടുക്കുന്നവരായാണു അവരെ കാണുന്നത്. വേദനയോടെയാണ് ബിജെപിയിൽനിന്നു പുറത്തേക്കു പോകുന്നത്’ സിൻഹ പറഞ്ഞു. രാഹുലിനൊപ്പമുള്ള ചിത്രവും സിൻഹ ട്വിറ്ററിൽ പങ്കുവച്ചു. ബിഹാറിൽ സിൻഹയുടെ പട്ന സാഹിബ് മണ്ഡലത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെ ബിജെപി സ്ഥാനാർഥിയാക്കിയതോടെയാണ് അദ്ദേഹം പാർട്ടി മാറാൻ തീരുമാനിച്ചത്. അതേസമയം ഏത് സാഹചര്യമായാലും പട്ന സാഹിബ് മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്നു സിൻഹ നേരത്തേ വ്യക്തമാക്കിയിരുന്നു.