ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി കാരണം രാമക്ഷേത്ര നിർമാണം സമാധാനപരമായി സാക്ഷാത്കരിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിന്റെ ഭൂമി പൂജയുടെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 വർഷം നീണ്ട കാത്തിരിപ്പാണ് ഇന്ന് പ്രധാനമന്ത്രി കാരണം സമാപിച്ചത്. ഇന്ത്യയിലെ 135 കോടി ജനങ്ങളുടെയും സനാതൻ ധർമ്മ അനുയായികളുടെയും അഭിലാഷങ്ങൾ നിറവേറി. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
500 വർഷം നീണ്ടുനിന്ന ഈ പോരാട്ടത്തിൽ ധീരരായ നിരവധി പുരുഷന്മാരും സ്ത്രീകളും മരിച്ചു. എന്നാൽ ലക്ഷ്യത്തിനായി സമരം തുടർന്നു. സമാധാനപരമായ മാർഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി കാണിച്ചുതന്നു. ഭരണഘടന അനുസരിച്ചതിനാൽ രാമക്ഷേത്രത്തിന്‍റെ സ്വപ്നം പൂർത്തീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. മൂന്ന് വർഷം മുമ്പാണ് ദീപോത്സവ് ആരംഭിച്ചത്. ഇപ്പോൾ ക്ഷേത്രത്തിനായി പ്രധാനമന്ത്രി ഭൂമി പൂജ നടത്തി. അയോധ്യയിലേക്ക് ആർഎസ്‌എസ് മേധാവിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കൊവിഡ് കാരണം കുറച്ചുപേരെ മാത്രമാണ് ക്ഷണിക്കാൻ സാധിച്ചത്. 'സബ്ക സാത്ത്, സബ്ക വികാസ്' എന്ന മുദ്രാവാക്യത്തോടെ ശ്രീരാമ ക്ഷേത്രം ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.