ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിനായി ട്രസ്‌റ്റ് അംഗങ്ങള്‍ ശനിയാഴ്‌ച യോഗം ചേരും. സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം ശ്രീ രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്‌റ്റ് അംഗങ്ങളാണ് നിര്‍മാണം ആരംഭിക്കാനുള്ള തീയതി നിര്‍ണയിക്കുന്നതിനായി യോഗം ചേരുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചുവെന്നും ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. നാളെ നടക്കാനിരിക്കുന്ന യോഗത്തില്‍ ക്ഷേത്ര നിര്‍മാണ കമ്മറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പങ്കെടുക്കും. രാഷ്‌ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹന്‍ ഭാഗ്‌വതും ക്ഷേത്ര നിര്‍മാണ ആരംഭ ചടങ്ങുകളില്‍ പങ്കെടുക്കും. അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവര പ്രകാരം ഓഗസ്റ്റോടെ ക്ഷേത്രത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്.
നേരത്തെ ചടങ്ങുകളില്‍ പങ്കെടുക്കാനായി കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മറ്റ് ഉന്നത നേതാക്കളെയും ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മോഹന്‍ ഭാഗ്‌വതും, യുപി മുഖ്യമന്ത്രിയും, മേഖലയിലെ ഏതാനും മന്ത്രിമാരും എംപിമാരും മാത്രമാണ് പങ്കെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണത്തിന് മുന്നോടിയായി ഭൂമി പൂജ നടത്തുന്നതാണെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. രാമജന്മഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണമെന്ന വാഗ്‌ദാനം രണ്ട് പതിറ്റാണ്ടിലേറെയായി ബിജെപി അവകാശപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരാണ് ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചത്.