ഡല്‍ഹി: ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധമന്ത്രിയെ കാണില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ രാജ്‌നാഥ് സിംഗ് മോസ്കോയിലേക്ക് പുറപ്പെട്ടു. മൂന്ന് ദിവസത്തെ റഷ്യ സന്ദർശനത്തിനാണ് അദ്ദേഹം യാത്ര തിരിച്ചിരിക്കുന്നത്. സംഘത്തിന്‍റെ രണ്ട് പ്രധാന അംഗങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എസ്‌സിഒ യോഗം നടക്കുന്നത്.
സെപ്റ്റംബർ നാലിന് നടക്കുന്ന എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനു പുറമേ നിരവധി പരിപാടികളിലും റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗുമായും മറ്റ് നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും രാജ്‌നാഥ് സിംഗ് ചർച്ച നടത്തും. സെപ്റ്റംബർ 5ന് വൈകുന്നേരം മോസ്കോയിൽ നിന്ന് തിരികെ പുറപ്പെടും. ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെംഗും എസ്‌സിഒ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
റഷ്യയിൽ നടക്കാനിരിക്കുന്ന ബഹുമുഖ യുദ്ധ മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. പരിപാടിയുടെ ഭാഗമായി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രി വെയ്യും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അത്തരം പദ്ധതികളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള പുതിയ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗം നടക്കുന്നത്. മെയ് 5ന് ആരംഭിച്ച അതിർത്തിയിലെ നിലപാട് അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും നയതന്ത്ര-സൈനിക ചർച്ചകൾ നടത്തിയിട്ടുണ്ട്.
അതേസമയം, പാങ്കോംഗ് തടാക പ്രദേശത്ത് സ്ഥിതിഗതികൾ മാറ്റാനുള്ള ചൈനയുടെ പുതിയ ശ്രമങ്ങൾ പിരിമുറുക്കം വർദ്ധിപ്പിച്ചു. അതിർത്തി തർക്കം ഇന്ത്യയും ചൈനയും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രാദേശിക സ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള 'സൃഷ്ടിപരമായ' ബന്ധം പ്രധാനമാണെന്നും റഷ്യ ഇതിനോടകം അറിയിച്ചിട്ടുണ്ട്. റഷ്യൻ പ്രതിരോധമന്ത്രി ഷോയിഗുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ, പ്രതിരോധ കരാറനുസരിച്ച് ഇന്ത്യൻ സായുധ സേനയ്ക്ക് വിവിധ ആയുധങ്ങളും സ്പെയറുകളും നേരത്തേ വിതരണം ചെയ്യണമെന്ന് രാജ്‌നാഥ് സിംഗ് സമ്മർദ്ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ എസ് -400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയിലേക്ക് യഥാസമയം എത്തിക്കുന്നത് ഉറപ്പാക്കാൻ സിംഗ് റഷ്യൻ പക്ഷത്തോട് അഭ്യർത്ഥിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. എസ്‌സിഒ യോഗം പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും വിവിധ ഭീഷണികളെയും വെല്ലുവിളികളെയും നേരിടാനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
ലോക ജനസംഖ്യയുടെ 44 ശതമാനത്തോളം വരുന്ന ആർട്ടിക് സമുദ്രം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയും പസഫിക് സമുദ്രം മുതൽ ബാൾട്ടിക് കടൽ വരെയും വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ അന്തർദേശീയ അന്താരാഷ്ട്ര സംഘടനകളിലൊന്നാണ് എസ്‌സിഒ. പ്രദേശങ്ങളുടെ സമാധാനവും സ്ഥിരതയും സുരക്ഷയും നിലനിർത്തുക എന്നതാണ് എസ്‌സിഒയുടെ ലക്ഷ്യം. ഇന്ത്യയും പാകിസ്ഥാനും 2017 ൽ എസ്‌സിഒ അംഗങ്ങളായി.