ജയ്പൂർ: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ ഭരണകക്ഷി നിയമസഭാംഗങ്ങളെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടും നൂറോളം കോൺഗ്രസ് - സ്വതന്ത്ര എംഎൽഎമാരും വ്യാഴാഴ്ച്ച രാത്രി കഴിച്ചുകൂട്ടിയത് റിസോർട്ടിൽ. ജൂൺ 19 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യാഴാഴ്ച്ച എംഎൽഎമാർ ചർച്ച നടത്തി. ഡൽഹി-ജയ്‌പൂർ ഹൈവേയിൽ സ്ഥിതിചെയ്യുന്ന പ്രസ്തുത റിസോർട്ടിൽ എംഎൽഎമാർ തുടരണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്.
വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാൽ പത്തോളം എംഎൽഎമാർ വ്യാഴാഴ്ച്ച രാത്രി റിസോർട്ടിൽ നിന്നും തിരിച്ചുപോയിരുന്നു. എന്നാൽ അവർ ഇന്ന് മടങ്ങിവരുമെന്നും മറ്റുള്ള നൂറോളം പേർ രാത്രി റിസോർട്ടിൽ ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞു.
പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥികളായ കെ.സി വേണുഗോപാൽ, നീരജ് ഡാംഗി എന്നിവർ എംഎൽഎമാരുമായി വെള്ളിയാഴ്ച റിസോർട്ടിൽ കൂടിക്കാഴ്ച നടത്തും. രാജസ്ഥാനിൽ മൂന്ന് രാജ്യസഭാ സീറ്റുകളാണ് കോൺഗ്രസിനുള്ളത്. ഇതിൽ രണ്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അതേസമയം ബിജെപിയുടെ രണ്ട് സ്ഥാനാർഥികളും നാമനിർദേശം നൽകി.