ജയ്പൂർ: രാജസ്ഥാനിൻ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ്ങിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥന്‍റെയും ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ജീവനക്കാരന്‍റയും കൊവിഡ് പരിശോധനാ റിപ്പോർട്ടിൽ തെറ്റ്. എസ്എംഎസ് ഹോസ്പിറ്റലിൽ നിന്നുള്ള നെഗറ്റീവ് റിപ്പോർട്ടുകളാണ് ഭരത്പൂർ മെഡിക്കൽ കോളജ് പോസിറ്റീവ് ആയി പ്രഖ്യാപിച്ചത്. സംഭവം സംസ്ഥാനത്തുടനീളം പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ ഇത് ഭരത്പൂർ മെഡിക്കൽ കോളജിലെ ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവാണെന്നും ഇരുവർക്കും കൊവിഡില്ലെന്നും അധികൃതർ അറിയിച്ചു. ആശുപത്രി അധികൃതരുടെ സേവനത്തിൽ ടൂറിസം മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥന്‍റെയും ആർടിഡിസി സ്റ്റാഫിനെയും പരിശോധന ഫലം പോസിറ്റീവെന്ന് ആശുപത്രി അധികൃതർ പ്രഖ്യാപിച്ചു. എന്നാൽ ജയ്പൂരിൽ നിന്നുള്ള യഥാർത്ഥ പരിശോധന റിപ്പോർട്ട് നെഗറ്റീവായിരുന്നെന്നും വിഷയം സമഗ്രമായി പരിശോധിച്ചപ്പോഴാണ് പിഴവ് വ്യക്തമായതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, സംസ്ഥാന ആരോഗ്യമന്ത്രി രഘു ശർമ എന്നിവരെ അദ്ദേഹം തന്‍റെ ട്വീറ്റിൽ ടാഗ് ചെയ്തു.