ന്യൂഡൽഹി: പാസഞ്ചർ ട്രെയിനുകൾ ഏപ്രിൽ 14വരെ താൽക്കാലികമായി സർവീസ് നിർത്തിവച്ചതായി ഇന്ത്യൻ റെയിൽവേ. എന്നാൽ അവശ്യവസ്തുക്കൾ കൊണ്ടു പോകുന്നത് തുടരും. പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് എല്ലാ യാത്രാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചത്. സബർബൻ ട്രെയിൻ സർവീസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മാർച്ച് 22 അർദ്ധരാത്രി മുതൽ മാർച്ച് 31 അർദ്ധരാത്രി വരെ റെയിൽവേ എല്ലാ യാത്രാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു.
യാത്ര ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ജൂൺ 21 വരെ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക് പണം തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ സർവീസുകൾ നഷ്ടമാകുന്ന ആളുകൾക്ക് വെയിറ്റിംഗ് റൂം സൗകര്യം ഒരുക്കിയിട്ടുണ്ട്. ലളിതമായ ആശുപത്രി സൗകര്യങ്ങൾ, മെഡിക്കൽ ട്രോളികൾ, ഐവി സ്റ്റാൻഡ് തുടങ്ങിയവയുടെ നിർമാണ സാധ്യത പരിശോധിക്കാൻ റെയിൽവേ ബോർഡ് എല്ലാ ഉത്പാദന യൂണിറ്റുകൾക്കും നിർദ്ദേശം നൽകി. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ നടപടിയായി ഏപ്രിൽ 15 വരെ എല്ലാ റെയിൽ മ്യൂസിയങ്ങളും ഗാലറികളും പാർക്കുകളും അടച്ചിടാനും റെയിൽവേ ഉത്തരവിട്ടു.