ന്യൂഡൽഹി: ശ്രമിക് ട്രെയിൻ സർവീസുകൾക്കായി ഇന്ത്യൻ റെയിൽവെ 2,142 കോടി ചെലവഴിച്ചപ്പോൾ 429 കോടി വരുമാനം ലഭിച്ചു. ലോക്ക് ഡൗണിനിടെ കുടിയേറ്റ തൊഴിലാളികൾക്ക് സ്വദേശങ്ങളിൽ മടങ്ങിയെത്താൻ വേണ്ടിയാണ് പ്രത്യേക ശ്രമിക് ട്രെയിൻ സർവീസുകൾ ആരംഭിച്ചത്. ഗുജറാത്ത്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയത്. 15 ലക്ഷം തൊഴിലാളികളെ മടക്കി അയക്കുന്നതിനായി 102 കോടി ഗുജറാത്ത് സർക്കാർ ചെലവഴിച്ചു. 1,027 ട്രെയിനുകളാണ് ഗുജറാത്തിൽ നിന്നും സർവീസ് നടത്തിയത്. അതേസമയം 12 ലക്ഷം തൊഴിലാളികളുടെ യാത്രക്കായി 85 കോടി മഹാരാഷ്‌ട്ര സർക്കാർ ചെലവഴിച്ചു. 844 ട്രെയിനുകൾ മഹാരാഷ്‌ട്രയിൽ നിന്ന് സർവീസ് നടത്തി. 271 ട്രെയിനുകളിലായി നാല് ലക്ഷം തൊഴിലാളികളെ മടക്കി അയക്കുന്നതിനായി 34 കോടി തമിഴ്‌നാട് സർക്കാർ ചെലവഴിച്ചു.
ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ മടങ്ങിയെത്തിയത്. ഇതിനായി ഉത്തർപ്രദേശ് സർക്കാർ 21 കോടിയും, ബിഹാർ എട്ട് കോടിയും, പശ്ചിമ ബംഗാൾ 64 ലക്ഷവും റെയിൽവെക്ക് നൽകി. ഇത് സമ്പാദ്യമല്ല, ചെലവായി കണക്കാക്കണം. മൊത്തം ചെലവിന്‍റെ 15 ശതമാനം മാത്രമാണ് ലഭിച്ച 429 കോടിയെന്ന് റെയിൽവെ വക്താവ് ഡി.ജെ നരേൻ പറഞ്ഞു. മൊത്തം ചെലവിന്‍റെ 85 ശതമാനം റെയിൽവെ ചെലവഴിച്ചു. ഇത് 2000 കോടിക്ക് മുകളിലാണ്. സാധാരണയായി യാത്രക്കാർക്ക് 47 ശതമാനം സബ്‌സിഡി നൽകുന്നു, എന്നാൽ ഇക്കാര്യത്തിൽ അത് ഇരട്ടിയായി കാരണം മടക്കയാത്രയിൽ യാത്രക്കാർ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 63 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളെ റെയിൽവെ സ്വദേശങ്ങളിൽ എത്തിച്ചു. ഈ മാസം ഒമ്പത് വരെ 4,615 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തി.